റേറ്റിംഗില്‍ എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്‍റെ മാനസപുത്രി'. 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ശ്രീകല ശശിധരനായിരുന്നു സോഫിയെ അവിസ്മരണീയമാക്കിയത്. അഭിനയരംഗത്ത് ഇപ്പോള്‍ അത്രകണ്ട് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശ്രീകല. മാനസപുത്രിയുടെ ഓര്‍മ്മ ശ്രീകല കഴിഞ്ഞ ദിവസം പങ്കുവച്ചു.

'ബെസ്റ്റി' എന്ന ക്യാപ്ഷനോടെയാണ് എന്‍റെ മാനസപുത്രിയിലെ പ്രതിനായികാ കഥാപാത്രം ഗ്ലോറിയെ അവതരിപ്പിച്ച അര്‍ച്ചനയോടൊപ്പമുള്ള ചിത്രം ശ്രീകല പങ്കുവച്ചത്. മാനസപുത്രി സെറ്റില്‍നിന്നുള്ള പഴയകാല ചിത്രമാണ് താരം പങ്കുവച്ചത്. മാനസപുത്രിയിലെ സോഫിയായാണ്  അറിയപ്പെടുന്നതെങ്കിലും അതുകൂടാതെ ഇരുപതിലധികം പരമ്പരകളിലും നിരവധി സിനിമകളിലും ശ്രീകല വേഷമിട്ടിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ ശ്രീകല കുറച്ചുകാലമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ്. ഭര്‍ത്താവിനും മകന്‍ സംവേദിനുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സ്വഭാവസവിശേഷതകളാല്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരമ്പരയായിരുന്നു എന്‍റെ മാനസപുത്രി. അതില്‍ സോഫിയോടൊപ്പമായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗവും.