'എന്‍റെ സ്റ്റേറ്റ് കേരളമാണോ? എന്‍റെ സിഎം വിജയന്‍ ആണോ? എന്‍റെ ഡാന്‍ഡ് കഥകളിയാണോ?', നസ്രിയ നസീം ഈ വരികള്‍ പാടുന്ന ഡബ്‍സ്‍മാഷ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആവുകയാണ്. നസ്രിയ മുന്‍പ് ചെയ്‍ത ഒരു ഡബ്‍സ്‍മാഷ് വീഡിയോ ആണിത്. പാട്ടിലെ 'ആണോ' എന്ന ചോദ്യങ്ങള്‍ക്കെല്ലാം ആണ് എന്ന ഉത്തരം കുറിച്ചുകൊണ്ടാണ് നസ്രിയ വീഡിയോ പങ്കുവച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജിലടക്കം കഴിഞ്ഞ ദിവസം എത്തിയതോടെയാണ് ഇത് വൈറല്‍ ആയത്.

ഡി പാര്‍ഥിപന്‍ ദേസിംഗുവിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ മ്യൂസിക്കല്‍ കോമഡി സ്പോര്‍ട്‍സ് ചിത്രം 'നട്പേ തുണൈ'യിലെ ഗാനമാണ് ഇത്. ഹിപ് ഹോപ്പ് തമിഴ സംഗീതം നിര്‍വ്വഹിച്ച ഗാനം പുറത്തിറങ്ങിയ സമയത്ത് തരംഗം സൃഷ്ടിച്ചിരുന്നു. യുട്യൂബില്‍ ഇതിനകം രണ്ട് കോടിയോളം കാഴ്ചകളാണ് ഒറിജിനല്‍ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ ഓണത്തിന് ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥിതാരമായി എത്തിയിരുന്നു. കൊവിഡ് കാലത്തെ മറ്റൊരു ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ സി യു സൂണിന്‍റെ നിര്‍മ്മാണത്തിലും നസ്രിയയ്ക്ക് പങ്കാളിത്തമുണ്ടായിരുന്നു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയയും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് വലിയ തോതിലുള്ള പ്രേക്ഷകപ്രീതിയും ലഭിച്ചിരുന്നു.