മലയാളികളുടെ സ്വന്തം താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം. ഇന്നും ട്രോളുകളിലും തമാശകളിലും നിറഞ്ഞു നില്‍ക്കുന്ന ആ കഥാപാത്രം മലയാളികള്‍ ഒരുകാലത്തും മറക്കില്ല. ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ സന്തോഷങ്ങളും അനുഭവങ്ങളും അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ചെറിയ വിശേഷങ്ങളടക്കം പങ്കുവയ്ക്കുന്ന താരത്തിന്‍റെ പോസ്റ്റുകള്‍ക്ക് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരം സഹോദരനൊപ്പം പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ചിലര്‍ മോശം കമന്‍റുകളുമായി എത്തി. പിന്നാലെ ഇതിന് ചുട്ട മറുപടിയുമായി അനുശ്രീ ഫേസ്ബുക്ക് ലൈവിലും എത്തി.

മുടിയില്‍ ക്രീം ഇടാന്‍ സഹായിക്കുന്ന സഹോദരന്‍റെ ചിത്രമായിരുന്നു അനുശ്രി പോസ്റ്റ് ചെയ്തത്. സഹോദരനൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടിയതിന്‍റെ സന്തോഷമാണ് അനുശ്രീ പങ്കുവച്ചതെങ്കില്‍  അനാവശ്യമായി കുടുംബത്തെയും സഹോദരനെയും മോശമായി ചിത്രീകരിക്കാനുള്ള അവസരമായാണ് ചിലര്‍ അതിനെ എടുത്തത്. 

തന്‍റെ വീട്ടില്‍ നടക്കുന്ന ഓരോ കാര്യങ്ങളും തനിക്ക് ഏറെ വലുതാണെന്നും അത് പറഞ്ഞാല്‍ മനസിലാവാത്തവര്‍ ദയവ് ചെയ്ത് ഈ വഴി വരരുതെന്നും അനുശ്രി പറഞ്ഞു. തന്‍റെ കുടുംബാംങ്ങളെ അപമാനിക്കുന്ന തരത്തില്‍ കമന്‍റുകള്‍ ഇടാന്‍ ആരെയും ഇങ്ങോട്ട് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അനുശ്രീ ചിലരുടെ പേരെടുത്തുപറഞ്ഞാണ് മറുപടി നല്‍കിയത്. സഹോദരനും സഹോദരിയുമാണെന്ന് മനസിലാക്കിയെങ്കിലും ഇത്തരം പ്രതികരണങ്ങള്‍ ചെയ്യാതിരിക്കാമായിരുന്നു.

എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നത്. ആള്‍ക്കാര്‍ക്ക് കണ്ണ് തുറന്നുകാണാവുന്ന വിശേഷങ്ങള്‍ മാത്രമേ പങ്കുവയ്ക്കാറുമുള്ളൂ. എനിക്ക് എന്‍റെ സഹോദരനുമായി അപൂര്‍വ്വമായി കിട്ടുന്ന അവസരങ്ങളാണിത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെയുണ്ട്. അതുകൊണ്ട് ഈ അവസരം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.  എന്‍റെ സഹോദരന്‍ തലയില്‍ ക്രീം ഇട്ടു നല്‍കുന്നതിന്‍റെ ചിത്രം പങ്കുവച്ചതിനു താഴെ ചില മോശം കമന്‍റുകളാണ് ലഭിച്ചത്.

സഹോദരി പണമുണ്ടാക്കുന്നു, സഹോദരന്‍ അത് ചെലവഴിക്കുന്നു എന്ന തരത്തിലൊക്കെയായിരുന്നു ചില കമന്‍റുകള്‍. എന്‍റെ പണം എന്‍റെ കുടുംബത്തിന് വേണ്ടിയാണെന്നും, അതിനെ കുറിച്ച് മറ്റുള്ളവര്‍ എന്തിനാണ് വേവലാതിപ്പെടുന്നതെന്നും അനുശ്രീ ചോദിക്കുന്നു. ചേട്ടന്‍ സ്വന്തമായി ജോലി ചെയ്ത് അന്തസായാണ് ജീവിക്കുന്നതെന്നും, ഒരു വേലയും കൂലിയുമില്ലാത്തവരാണ് ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്നവരെന്നും അനുശ്രീ മറുപടിനല്‍കി.

ഇടയ്ക്ക് പോയി കല്യാണം കഴിക്കാന്‍ പറഞ്ഞ ഒരു സ്ത്രീ പ്രൊഫൈലിനും അനുശ്രീ മറുപടി കൊടുത്തു. എന്‍റെ കാര്യം വീട്ടുകാര് നോക്കുമെന്നും ചേച്ചി വിഷമിക്കേണ്ടെന്നുമായിരുന്നു അനുശ്രിയുടെ മറുപടി. ഇരുപത് മിനിട്ടോളം നീണ്ട ലൈവ് വീഡിയോയിലായിരുന്നു അനുശ്രീ എല്ലാവര്‍ക്കും മറുപടി നല്‍കിയത്.

വീഡിയോ കാണാം