2014 മുതൽ മലയാളികളുടെ ഇഷ്ട ഹാസ്യ പരമ്പരയാണ് എം 80 മൂസ. പ്രശസ്ത നടൻ വിനോദ് കോവൂർ മൂസയായും അയാളുടെ ഭാര്യ പാത്തുമ്മയായി സുരഭി ലക്ഷ്മിയും പരമ്പരയില്‍ എത്തുന്നു. നാട്ടിൽ മീൻ കച്ചവടം ചെയ്യുന്നവനാണ് മൂസയും തനി നാടന്‍ മുസ്ലിം കുടുംബത്തിലെ വീട്ടമ്മയായ പാത്തുമ്മയുമാണ് പരമ്പരയിലെ കഥാപാത്രങ്ങള്‍.

കോഴിക്കോടന്‍ സംസാര ഭാഷയിലാണ് കഥാപാത്രങ്ങളുടെ അവതരണം എന്നതാണ് പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. പരമ്പരയില്‍ ഇരു കഥാപാത്രങ്ങളുടെയും മകളായി തിളങ്ങിയ മറ്റൊരു കഥാപാത്രമാണ് റസിയ. ഒട്ടുമിക്ക എപ്പിസോഡുകളിലും രസംകൂട്ടാന്‍ റസിയ എന്ന കഥാപാത്രവും എത്താറുണ്ട്. 

എന്നാല്‍ റസിയ അഥവാ അഞ്ജു ശശിയുടെ യഥാര്‍ത്ഥ ജീവിതത്തിലെ വലിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. പരമ്പരയില്‍ വേഷമിട്ട ശേഷം നിരന്തരം സ്റ്റേജ് ഷോകളില്‍ ഇടം ലഭിക്കുന്ന പരമ്പരയിലെ കുടുംബാംഗങ്ങള്‍ക്ക്, വലിയൊരു വിശേഷമാണ് പങ്കുവയ്ക്കാനുള്ളത്. നേരത്തെ പറഞ്ഞതുപോലെ ഒരു ഷോയ്ക്ക് പോകവെ അഞ്ജുവിന്‍റെ ആഗ്രഹം ഉമ്മയുടെ വേഷം ചെയ്യുന്ന സുരഭിയുമായി അഞ്ജു പങ്കുവയ്ക്കുന്നു. 

നാളുകള്‍ക്ക് ശേഷം അത് സാക്ഷാത്കരിക്കുന്നു. അന്ന് വിമാനത്തില്‍ കയറി എയര്‍ ഹോസ്റ്റസിനെ കണ്ടപ്പോഴായിരുന്നു തനിക്ക് എയര്‍ ഹോസ്റ്റസ് ആകണമെന്ന ആഗ്രഹം അഞ്ജു പങ്കുവച്ചതെന്നും കഠിനാധ്വാനത്തിനൊടുവില്‍ അവള്‍ ഇന്ന് എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസായി ജോലിയില്‍ കയറിയെന്നുമാണ് സുരഭി തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

സുരഭിയുടെ കുറിപ്പിങ്ങനെ...

M80 മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ.

അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോൾ Air Hostessനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു Air Hostess ആകുക എന്നത്. അതിന് വേണ്ടി അവൾ കഠിന പ്രയത്നം നടത്തി പഠിച്ചു Air Hostess ആയി. എയർ ഇന്ത്യയിൽ ജോലിയും കിട്ടി. ഇന്നലെ അവൾ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക് പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും. സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ.

അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.