ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഫിറ്റ്നസും യുവത്വവും തിരിച്ചുപിടിച്ച സൽമാന്റെ ചിത്രങ്ങൾക്ക് ആരാധക പ്രശംസ.

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്‍റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'റേസ് 3' എന്ന ചിത്രത്തില്‍ സല്‍മാന്‍റെ സഹനടനായ സാജൻ സിംഗ് പങ്കുവെച്ച ചിത്രങ്ങളിൽ സൽമാന്‍റെ ഫിറ്റ്നസും യുവത്വവും തിരിച്ചുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

59-ാം വയസ്സിലും 'ഭായ്' എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന സൽമാൻ ഖാൻ, അടുത്തിടെ പുറത്തുവന്ന ചില ചിത്രങ്ങള്‍ കാരണം ശാരീരികമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ വൈറലായത്.

കഴിഞ്ഞ മാസം വാൻകൂവറിൽ നടന്ന ഒരു താരഷോയിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സല്‍മാന്‍റെ ഇപ്പോഴത്തെ ശരീരഘടനയെക്കുറിച്ച് ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാൽ, പുതിയ ചിത്രങ്ങളിൽ സല്‍മാന്‍ കൂടുതൽ ഫിറ്റും ചെറുപ്പവുമായി എന്നാണ് കമന്‍റുകള്‍ വരുന്നത്.

ആരാധകർ "ഭായ് തിരിച്ചെത്തി!" എന്ന് ആവേശത്തോടെ കമന്‍റുകള്‍ എഴുതുന്നുണ്ട്. "സൽമാൻ ഭായ് ഇപ്പോഴും യുവാവിനെപ്പോലെ തോന്നുന്നു!" എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചത്. സൽമാൻ ഖാൻ അവസാനമായി അഭിനയിച്ച 'സികന്ദർ' എന്ന ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തിലെ സല്‍മാന്‍റെ അഭിനയം ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

ഇപ്പോൾ, ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ അടിസ്ഥാനമാക്കി ഒരു പുതിയ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. കേണൽ ബിക്കുമല്ല സന്തോഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന് വേണ്ടിയാണ് പുതിയ ലുക്ക് എന്നാണ് സൂചന.

"ഒജി ഫിറ്റ്നസ് ഗോഡ് തിരിച്ചെത്തി!" എന്ന് മറ്റൊരു ആരാധകൻ എക്സിൽ പോസ്റ്റ് ചെയ്തു. സൽമാന്‍റെ പുതിയ ഹെയർസ്റ്റൈലും ഫിറ്റ്നസും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. 'വാണ്ടഡ്' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഐക്കോണിക് ലുക്ക് തിരികെയെത്തി എന്നാണ് ചിലര്‍ പറയുന്നത്.