പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ  സൽമാൻ ഖാന്റെ 'ദി ബിഗ് ബോളിവുഡ് വൺ' ഷോ മാറ്റിവച്ചു. 

മുംബൈ: മെയ് 4, 5 തീയതികളിൽ യുകെയിൽ നടക്കേണ്ടിയിരുന്ന സല്‍മാന്‍ ഖാന്‍റെ 'ദി ബിഗ് ബോളിവുഡ് വൺ' ഷോ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തി മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. മാധുരി ദീക്ഷിത്, വരുൺ ധവാൻ, ടൈഗർ ഷെറോഫ്, കൃതി സനോൺ, ദിഷ പഠാനി എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും സൽമാൻ ഖാൻ ഷോയില്‍ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. 

ഈ ദുഃഖ സമയത്ത് ഇത്തരം ഒരു ഷോ താൽക്കാലികമായി നിർത്തുന്നത് മാത്രമാണ് ശരിയെന്ന് തിങ്കളാഴ്ച സൽമാൻ പങ്കുവെച്ചു. ഷോകളുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പങ്കുവെച്ചു.
സൽമാൻ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സാറാ അലി ഖാൻ, ടൈഗർ ഷ്രോഫ്, വരുൺ ധവാൻ, മാധുരി ദീക്ഷിത്, കൃതി സനോൺ, ദിഷ പഠാനി, സുനിൽ ഗ്രോവർ, മനീഷ് പോൾ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന 'ദി ബിഗ് ബോളിവുഡ് വൺ' യുകെ ടൂറിന്റെ പോസ്റ്റർ പങ്കിട്ടിരുന്നു. 

പോസ്റ്ററിന് മുകളിൽ 'മാറ്റിവച്ചു' എന്ന് എഴുതിയിരുന്നു. "കശ്മീരിലെ സമീപകാല ദാരുണമായ സംഭവങ്ങളുടെ വെളിച്ചത്തിൽ, മെയ് 4, 5 തീയതികളിൽ മാഞ്ചസ്റ്ററിലും ലണ്ടനിലും നടക്കാനിരുന്ന ബോളിവുഡ് ബിഗ് വൺ ഷോകൾ മാറ്റിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു" എന്ന് സൽമാൻ ഈ പോസ്റ്ററിന്‍റെ അടിക്കുറിപ്പിൽ വിശദീകരിച്ചു.

"ഈ പ്രകടനങ്ങൾക്കായി ഞങ്ങളുടെ ആരാധകർ എത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഈ ദുഃഖസമയത്ത് താൽക്കാലികമായി ഇത് നടത്താതിരിക്കുന്നതാണ് ശരിയാണെന്ന് ഞങ്ങൾ കരുതുന്നു. ” എന്നും സല്‍മാന്‍ ഖാന്‍ കുറിപ്പില്‍ പറയുന്നു. 

"ഷോ റദ്ദാക്കിയതിനാല്‍ ഉണ്ടായിരിക്കുന്ന അസൗകര്യത്തിനും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, നിങ്ങളുടെ ധാരണയ്ക്കും പിന്തുണയ്ക്കും ഞങ്ങൾ ആഴത്തിൽ നന്ദി പറയുന്നു. ഷോകളുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും." എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചുകൊന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയവരായിരുന്നു ഇവരെല്ലാം. ഭീകരർ ഈ വിനോദസഞ്ചാരികളോട് മതം ചോദിക്കുകയും കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മതം ചോദിച്ചാണ് പലരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.