ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിലെ ഒരു നായിക ഫറ ഷി‍ബലയാണ്. ഫറയെ നേരിട്ട് അറിയുന്നവര്‍ക്ക് പോലും ചിലപ്പോള്‍ സിനിമയില്‍ കണ്ടാല്‍ മനസ്സിലായെന്ന് വരില്ല. കാരണം അത്രയ്‍ക്കുണ്ട് മേയ്‍ക്ക് ഓവര്‍. വലിയ രീതിയില്‍ തടി കൂട്ടിയാണ് ഫറ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഫറയുടെ വര്‍ക്കൌട്ട് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.


ഓഡിഷന് പോകുമ്പോള്‍ ഫറയ്‍ക്ക് 68 കിലോ ആയിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ 85 കിലോയും. കഷ്‍ടപ്പെട്ടുതന്നെയാണ് തടി കൂട്ടിയതെന്ന് ഫറ പറയുന്നു. സിനിമ കഴിഞ്ഞ് 63 കിലോയായി തടി കുറയ്‍ക്കുകയും ചെയ്‍തു, ഫറ. കാന്തി ശിവദാസൻ എന്ന കഥാപാത്രമായാണ് സിനിമയില്‍ ഫറ അഭിനയിക്കുന്നത്. സനിലേഷ് ശിവന്റെ തിരക്കഥയില്‍ ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയരാഘവൻ, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.