ദക്ഷിണേന്ത്യൻ സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഫാത്തിമ സന ഷെയ്ഖ് വിശദീകരണം നൽകി. 

മുംബൈ: ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ് ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചുള്ള തന്‍റെ വിവാദ പരാമര്‍ശത്തില്‍ നിന്നും പിന്നോട്ട് പോയി. തന്‍റെ പരാമര്‍ശം അതിശയോക്തി കലര്‍ത്തി പ്രചരിപ്പിച്ചുവെന്നാണ് നടി പറയുന്നത്. 'ദംഗൽ' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഫാത്തിമ, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദക്ഷിണേന്ത്യന് സിനിമയിലെ ഒരാളില്‍ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

എന്നാൽ, ഈ പരാമർശം മാധ്യമങ്ങളിൽ വലിയ വിവാദമായി മാറുകയും തെക്കേ ഇന്ത്യൻ സിനിമാ വ്യവസായത്തെ മൊത്തത്തിൽ നടിയുടെ പരാമര്‍ശം കരിനിഴലിലാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഫാത്തിമ ഇപ്പോള്‍ ഇതില്‍ വിശദീകരണം നല്‍കുകയാണ്. തന്‍റെ അനുഭവം വലിയ കാര്യമായി കാണേണ്ടതില്ലെന്നും, അത് ദക്ഷിണേന്ത്യന്‍ ഇന്ത്യൻ സിനിമ രംഗത്തെ മൊത്തം ഉദ്ദേശിച്ച് നടത്തിയതല്ലെന്നും. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും നടി പറയുന്നു.

ഞാൻ ഒരു പ്രത്യേക സംഭവത്തെക്കുറിച്ചാണ് സംസാരിച്ചത്, അത് മുഴുവൻ സിനിമ രംഗത്തിന്‍റെയും അവസ്ഥയല്ല ഫാത്തിമ പറഞ്ഞു. ഒരു നിര്‍മ്മാതാവും കാസ്റ്റിംഗ് ഡയറക്ടറുമായ വ്യക്തി നിരന്തരം തന്നോട് എന്തെങ്കിലും 'ഫെവര്‍' ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് മാസങ്ങള്‍ക്ക് മുന്‍പ് ഫാത്തിമ വെളിപ്പെടുത്തിയത്. എന്നാല്‍ ആരാണ് ഇതെന്ന് നടി വ്യക്തമാക്കിയില്ല.

ഇതോടെ പല അഭ്യൂഹങ്ങളും പരന്നിരുന്നു. നടിയെ തമിഴില്‍ അടക്കം കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പ്രമുഖ സംവിധായകരുടെ പേര് അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഫാത്തിമ സന ഷെയ്ഖ് വിശദീകരണം നല്‍കിയത്.

മെട്രോ ഇന്‍ ദിനോ എന്ന ചിത്രമാണ് ഫാത്തിമയുടെതായി ഇനി വരാനുള്ളത്. ജൂലൈ നാലിന് തീയറ്റരില്‍ എത്തുന്ന ചിത്രം അനുരാഗ് ബസുവാണ് സംവിധാനം ചെയ്യുന്നത്.