റാണാ ദഗ്ഗുബതി, വെങ്കടേഷ് ദഗ്ഗുബതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നെറ്റ്ഫ്ലിക്സ് സീരിസ് റാണാ നായിഡുവിന്റെ രണ്ടാം സീസൺ സമ്മിശ്ര പ്രതികരണങ്ങൾ നേടുന്നു. 

മുംബൈ: റാണാ ദഗ്ഗുബതി, വെങ്കടേഷ് ദഗ്ഗുബതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ നെറ്റ്ഫ്ലിക്സ് സീരിസ് റാണാ നായിഡു കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. സുർവീൻ ചൌള, അർജുൻ രാംപാൽ, ആശിഷ് വിദ്യാർത്ഥി, അഭിഷേക് ബാനർജി തുടങ്ങിയവരും പുതിയ സീസണില്‍ അഭിനയിക്കുന്നുണ്ട്. സീരിസില്‍ 8 എപ്പിസോഡാണ് ഉള്ളത്. ഒരു ഫാമിലി ഡ്രാമയ്ക്കൊപ്പം ആക്ഷനും ത്രില്ലറും സമന്വയിപ്പിക്കുന്ന ആദ്യ സീസണിലെ ശൈലി തന്നെയാണ് സീരിസ് പിന്തുടരുന്നത്. സമിശ്രമായ പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്.

ആക്ഷന്‍ കുടുംബമായ നായിഡു ഫാമിലിയിലെ കലുഷിതമായ ബന്ധങ്ങളും അവരുടെ ക്രിമിനൽ പശ്ചാത്തലവും ചുറ്റിപ്പറ്റിയാണ് കഥ. റാണാ നായിഡു (റാണാ ദഗ്ഗുബതി), ഒരു "ഫിക്സർ" ആണ്, ഹൈ പ്രൊഫൈല്‍ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇയാളുടെ ജോലി.

അവന്റെ പിതാവ് നാഗ (വെങ്കടേഷ്), ജയിലിൽ നിന്ന് മോചിതനായ ശേഷം കുടുംബത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. സഹോദരന്മാരായ ജാഫർ (അഭിഷേക് ബാനർജി), തേജ (ആശിഷ് വിദ്യാർത്ഥി), പുതിയ ശത്രുവായ അർജുൻ (അർജുൻ രാംപാൽ) എന്നിവർ കഥയ്ക്ക് കൂടുതൽ സങ്കീർണത പകരുന്നു. കുടുംബത്തിന്റെ ഭിന്നതകളും ബോളിവുഡ് പശ്ചാത്തലവുമാണ് സീരിസിന്‍റെ കാതല്‍.

എന്നാല്‍ തെലുങ്ക് 123 പോലുള്ള സൈറ്റുകള്‍ സീരിസ് റേറ്റിംഗ് 2.75/5 ആണ് നല്‍കിയിരിക്കുന്നത്. അതേ സമയം വിവിധ റിവ്യൂകളില്‍ പൊസറ്റീവായി പറയുന്ന കാര്യം റാണാ ദഗ്ഗുബതിയുടെയും വെങ്കടേഷിന്റെ അഭിനയംമാണ്. അർജുൻ രാംപാൽ, സുർവീൻ ചൌള എന്നിവരും ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. സീസൺ 1-നെ അപേക്ഷിച്ച് കഥാപാത്രങ്ങളുടെ വികാരങ്ങൾക്കും ബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് റിവ്യൂ. ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ സീരിസ് ലഭ്യമാണ്.

അതേ സമയം ആദ്യ രണ്ട് എപ്പിസോഡുകൾ സാവധാനത്തിലാണ് നീങ്ങുന്നത് എന്നത് പ്രേക്ഷകരെ മടുപ്പിച്ചേക്കും എന്ന പ്രതികരണവും വരുന്നുണ്ട്. സീസണ്‍ 1ന് സമാനമായ രീതികള്‍ കഥാഗതിയിൽ ആവർത്തനം അനുഭവപ്പെടുന്നു എന്ന അഭിപ്രായവും ഉണ്ടാക്കുന്നുണ്ട്.