ഗെയിം ചേഞ്ചർ എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിർമ്മാതാക്കൾക്കെതിരെ രാം ചരൺ ആരാധകർ രംഗത്തെത്തി.
ഹൈദരാബാദ്: രാം ചരൺ നായകനായ 'ഗെയിം ചേഞ്ചർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനെ തുടർന്ന് നിർമ്മാതാക്കളായ ദിൽ രാജുവിനും ശിരീഷിനും എതിരെ രാം ചരണ്‍ ആരാധകർ രംഗത്തെത്തിയിരുന്നു. ശിരീഷ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, ചിത്രം പരാജയപ്പെട്ടതിന് ശേഷം രാം ചരണോ സംവിധായകൻ ഷങ്കറോ നിര്‍മ്മാതാക്കളായ തങ്ങളെ ബന്ധപ്പെട്ടില്ലെന്ന് പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.
എന്നാൽ, ഈ പരാമർശം ആരാധകരെ ചൊടിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.ശിരീഷിന്റെ വിശദീകരണം പ്രതിഷേധം ശക്തമായതോടെ, ശിരീഷ് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തി.
"എന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിക്കപ്പെടുകയും ആരാധകര്‍ പ്രകോപിതരാകുകയും ചെയ്തിട്ടുണ്ട്. ഗെയിം ചേഞ്ചർ'ന് രാം ചരണ്‍ പൂർണ പിന്തുണയും സമയവും നൽകിയിരുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബവുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളത്. ആരെയും മോശമാക്കുവാന്‍ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," ശിരീഷ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
നിർമ്മാതാവ് ദിൽ രാജു ശിരീഷിനെ പിന്തുണച്ച് രംഗത്തെത്തി. 10 ടിവിയോട് നടത്തിയ അഭിമുഖത്തിൽ, അദ്ദേഹം ശിരീഷിന്റെ പരാമർശങ്ങൾ ഒരു തെറ്റിദ്ധാരണയുടെ ഫലമാണെന്നാണ് വിശദീകരിച്ചത്. "ശിരീഷ് ആദ്യമായാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. 'സങ്ക്രാന്തിക്കി വസ്തുന്നാം' എന്ന ചിത്രത്തിന്റെ വിജയത്തെ കുറിച്ച് വൈകാരികമായി സംസാരിക്കവേ, അവന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. രാം ചരൺ ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ശങ്കറുമായുള്ള 'വേവ് ലെംഗ്സ്' പ്രശ്നങ്ങളും 'ഇന്ത്യൻ 2'വിന്റെ ഷൂട്ടിംഗ് തിരക്കുകളും ചിത്രത്തിന്റെ നിർമ്മാണത്തിൽ ചെറിയ കാലതാമസം വരുത്തിയിരുന്നു. എന്നിട്ടും, രാം ചരൺ ക്ഷമയോടെ കാത്തിരുന്നു" ദിൽ രാജു വ്യക്തമാക്കി.
ഷങ്കർ സംവിധാനം ചെയ്ത 'ഗെയിം ചേഞ്ചർ' ഒരു രാഷ്ട്രീയ ആക്ഷൻ ത്രില്ലറായിരുന്നു. രാം ചരൺ ഇരട്ട വേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ കിയാര അദ്വാനി, അഞ്ജലി, എസ്.ജെ. സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, സമുദ്രക്കനി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
400 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം, 2021 ല്‍ പ്രഖ്യാപിച്ച പടമായിരുന്നു. എന്നാൽ, 2025 ജനുവരിയിലെ സങ്ക്രാന്തി റിലീസായാണ് ചിത്രം എത്തിയത്. പ്രേക്ഷക-നിരൂപക പ്രതീക്ഷകൾക്ക് അനുസരിച്ച് വിജയം നേടിയില്ല ഈ ചിത്രം. സാക്‌നിൽകിന്റെ കണക്കനുസരിച്ച് ചിത്രം ലോകവ്യാപകമായി 186.25 കോടി രൂപ മാത്രമാണ് നേടിയത്, ഇത് വൻ നഷ്ടത്തിന് കാരണമായി.


