ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് അവര്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ചിലവഴിക്കുന്ന അവധിക്കാലത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അവര്‍.

കുടുംബത്തിനൊപ്പം ഇടുക്കി വണ്ടന്‍മേടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. മകള്‍ കല്ലുവിനും ഭര്‍ത്താവ് അരുണിനുമൊപ്പമാണ് ഗായത്രി ഇടുക്കിയിലെത്തിയിരിക്കുന്നത്. കല്ലുവിന്‍റെ പുതിയ ഹെയര്‍ സ്റ്റൈലിനെപ്പറ്റിയും മറ്റും ആരാധകര്‍ താരത്തോട് ചോദിക്കുന്നുണ്ട്. 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ഒരൊറ്റ പരമ്പരയിലെ പ്രധാന കഥാപാത്രമായ ദീപ്തി ഐ.പി.എസ് എന്ന വേഷത്തിലൂടെയാണ് ഗായത്രി മലയാളിക്ക് സുപരിചിതയാകുന്നത്. മറ്റ് പരമ്പരകളിലൊന്നും ഗായത്രി വേഷമിടാത്തതിനാലും, പരസ്പരം ജനപ്രീതി നേടിയതിനാലും ആരാധകര്‍ക്ക് ഗായത്രി എന്ന പേരിനേക്കാള്‍ അടുപ്പം ദീപ്തി എന്ന പേരിനോടാണ്. കുടുംബക്കാരടക്കം മിക്ക ആളുകളും തന്നെ ദീപ്തി എന്നുതന്നെയാണ് വിളിക്കുക എന്ന് ഗായത്രി പലപ്പോഴും പറഞ്ഞിട്ടുണ്ട്.