ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയാണ് ര‍ഞ്ജിനി ഹരിദാസിനെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു രഞ്ജിനിയുടെ പ്രത്യേകത. ഷോയ്ക്ക് ശേഷവും നിരവധി റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും സിനിമയിലുമൊക്കെയായി നിറ‍ഞ്ഞുനില്‍ക്കുകയാണ് രഞ്ജിനി.

ബിഗ് ബോസിലെ വരവോടെയാണ് രഞ്ജിനി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. യൂ ട്യൂബ് വ്‌ളോഗറായും ഇപ്പോള്‍ സജീവമാണ് രഞ്ജിനി. ഇന്തോനേഷ്യന്‍ യാത്രയും വീട്ടുവിശേഷങ്ങളുമൊക്കെയായി യൂട്യൂബ് വ്ലോഗിനും നിരവധി കാഴ്ചക്കാരുണ്ട്.  രണ്ടര മാസം മുമ്പായിരുന്നു യുട്യൂബ് ചാനല്‍ ആരംഭിച്ചത്.  പുതിയ വ്ലോഗില്‍ സ്വന്തം  അമ്മൂമ്മയെയാണ് രഞ്ജിനി പരിചയപ്പെടുത്തുന്നത്.

അച്ഛന്റെ മരണ ശേഷം തന്നെയും, അനുജനേയും അമ്മയേയും ഏറ്റെടുത്തു വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണെന്നും അതുകൊണ്ട് തന്നെ ഇരുവർക്കും തന്റെ ജീവിതത്തിൽ വലിയ സ്ഥാനമാണെന്നും പറ‍ഞ്ഞാണ് രഞ്ജിനി വീഡിയോ തുടങ്ങുന്നത്. രഞ്ജിനിയുടെ വിവാഹത്തെപ്പറ്റിയും, വീട്ടിൽ വന്നു താമസിക്കാതിരിക്കാനുള്ള കാരണവുമടക്കം രഞ്ജിനിയുടെ അമ്മൂമ്മ രത്നമ്മ വീഡിയോയില്‍ സംസാരിക്കുന്നു.

രഞ്ജിനിയുടെ വിവാഹം നടന്ന് കാണണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നതായും ഇപ്പോഴില്ലെന്നും അമ്മൂമ്മ പറയുന്നു. ഞാനും അവളുടെ അപ്പൂപ്പനും, ബന്ധുക്കളും പലപ്പോഴും ആലോചനകൾ കൊണ്ട് വന്നു. പക്ഷെ അവൾ സമ്മതിച്ചില്ല. ഇപ്പോൾ ആ ആഗ്രഹം ഉപേക്ഷിച്ചു. വേണമെങ്കില്‍ വിവാഹം ചെയ്യാമെന്നും മുത്തശ്ശി പറയുന്നുണ്ട്. അതേസമയം അനുജന്‍റെ വിവാഹം നടന്നുകാണാന്‍ ആഗ്രഹമുണ്ടെന്നും മുത്തശ്ശി പറയുന്നു. രസകരമായ സംസാരത്തിനിടയില്‍ പഴയ കാലത്തെ ജീവിതവും കുടുംബ പശ്ചാത്തലവും രത്നമ്മ പറയുന്നു.