കലാകാരന്മാര്‍ സാധാരണയായി ചിന്തിക്കാത്ത മാധ്യമങ്ങളില്‍ സിനിമാതാരങ്ങളുടെ ഛായാരൂപങ്ങള്‍ സൃഷ്ടിച്ച് അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരനാണ് ഡാവിഞ്ചി സുരേഷ്. വിറകുകളിലൂടെ പൃഥ്വിരാജിന്‍റെയും അടുക്കള ഉപകരണങ്ങളിലൂടെ മോഹന്‍ലാലിന്‍റെയും ആണികള്‍ ഉപയോഗിച്ച് ഫഹദ് ഫാസിലിന്‍റെയും ഛായാരൂപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് മുന്‍പ് അദ്ദേഹം. ഇപ്പോഴിതാ ഡാവിഞ്ചി സുരേഷ് ഏറ്റവുമൊടുവില്‍ സൃഷ്ടിച്ചിരിക്കുന്നത് മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ ടൊവീനോ തോമസിനെയാണ്. മറ്റാരും പരീക്ഷിക്കാത്ത തരത്തില്‍ കര നെല്ല് ഉപയോഗിച്ചാണ് അദ്ദേഹം ടൊവീനോയുടെ മുഖം നിലത്ത് സൃഷ്ടിച്ചിരിക്കുന്നത്. അതേക്കുറിച്ച് ഡാവിഞ്ചി സുരേഷ് പറയുന്നു.

"കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്തു കര നെല്ല് ഉപയോഗിച്ച് കൊണ്ടാണ് പുതിയ ചിത്രരചനയുടെ അദ്ധ്യായം കുറിക്കുന്നത്. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്ന അന്വഷണയാത്രയിൽ ആണ് നെല്ല് കൊണ്ടും ചിത്രം സാധ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രളയ സമയത്തെ സേവനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ കുടിയേറിയ സിനിമാ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ താരം. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം തീർത്തത്. ക്യാമറയിൽ പകർത്തിയ സിംബാദും ചാച്ചനും സഹായിയായി രാകേഷ് പള്ളത്തും കാർഷിക കൂട്ടായ്മയിലെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു", ഡാവിഞ്ചി സുരേഷ് പറയുന്നു.

ഈ സൃഷ്ടിയുടെ നിര്‍മ്മാണ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ ഡാവിഞ്ചി സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രം സുരേഷിന് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ ടൊവീനോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.