മോഹൻലാൽ-സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽ വരാനിരുന്ന സിനിമയെ കുറിച്ചും ഹരി.

കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന തിരക്കഥാകൃത്തും സംവിധായനുമാണ് ലോഹിതദാസ്. മലയാള സിനിമ കണ്ട പ്രതിഭാശാലിയായ ആ എഴുത്തുക്കാരൻ പ്രേക്ഷക മനസിലേക്ക് കോറിയിട്ടത് മനസിൽ നിന്നും പോകാത്ത നിരവധി കഥാപാത്രങ്ങളായിരുന്നു. ഇന്നും അവ കാലാനുവർത്തിയായി നിലകൊള്ളുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് മകൻ ഹരികൃഷ്ണന്‍ ലോഹിതദാസും സിനിമയിൽ എത്തിക്കഴിഞ്ഞു. ധീരൻ എന്ന സിനിമയുടെ സിനിമാട്ടോ​ഗ്രാഫറാണ് ഹരി.

ധീരൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് പറയുകയാണ് ഹരി. തനിക്ക് സിനിമാട്ടോ​ഗ്രഫി പഠിക്കാൻ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നൽകിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലെന്നും ഹരി പറയുന്നു.

"ഞാന്‍ സിനിമാട്ടോഗ്രഫി പഠിക്കുമ്പോള്‍ അതിന്‍റെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എന്‍റെ കയ്യിലൊരു ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസൊക്കെയും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എന്‍റെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല. കുറച്ച് കാശ് കൊണ്ട് തന്നാല്‍ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. അച്ഛനെ അറിഞ്ഞ് ഇവര്‍ പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരന്‍റെ ലൊക്കേഷനിലൊക്കെ പോയപ്പോള്‍ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്", എന്നായിരുന്നു ഹരികൃഷ്ണന്‍ ലോഹിതദാസിന്റെ വാക്കുകൾ. കൗമുദി മൂവിസിനോട് ആയിരുന്നു ഹരിയുടെ പ്രതികരണം.

മോഹൻലാൽ-സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽ വരാനിരുന്ന സിനിമയെ കുറിച്ചും ഹരി പറഞ്ഞു. "ഭീഷ്മർ സിനിമ അച്ഛന്റെ എഴുതിയിട്ടുണ്ട്. അത് അമ്മയുടെ കസ്റ്റഡിയിലാണ്. ആ സിനിമയിലെ അമ്മ അത്ര സപ്പോർട്ട് ചെയ്യുന്നില്ല. അച്ഛന് തന്നെ വലിയ ടഫ് ആയിരുന്ന വിഷയമായിരുന്നു അത്. അതുകൊണ്ട് ഭീഷ്മർ ഇനി പ്രതീക്ഷിക്കണ്ട. ഭയങ്കര ടഫ് ആയിട്ടുള്ള വിഷയമാണ്. കുഞ്ചൻ നമ്പ്യാർ ചെയ്യണമെന്നുണ്ടായിരുന്നു", എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്