മോഡലിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ഹോളിവുഡ് നിർമ്മാതാവ് ഡേവിഡ് പിയേഴ്സ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഏഴ് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് നിർമ്മാതാവ് ഡേവിഡ് പിയേഴ്സിനെ മോഡലിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. മോഡൽ ക്രിസ്റ്റി ഗിൽസിനെയും അവരുടെ സുഹൃത്ത് ഹിൽഡ മാർസെല കാബ്രാലെസ് അർസോളയും മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് 2021ലാണ് മരണപ്പെട്ടത്.
ഇതിനൊപ്പം 7 സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന കേസുകളിലും ഡേവിഡ് പിയേഴ്സ് കുറ്റക്കാരനാണ് എന്നാണ് ലോസ് ഏഞ്ചൽസ് കോടതി ജൂറി ചൊവ്വാഴ്ച കണ്ടെത്തിയത് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ക്രിസ്റ്റി ഗിൽസി (24), ഹിൽഡ മാർസെല (26) എന്നിവരെ 42-കാരനായ നിര്‍മ്മാതാവ് പിയേഴ്‌സ് ഒരു പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയെന്നും പിന്നീട് ഇവരുമായി സൗഹൃദം ഉണ്ടാക്കി ഇവരെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് പിയേഴ്സ് അവർക്ക് മയക്കുമരുന്ന് നല്‍കി എന്നാല്‍ ഇത് അപകടകരമായ രീതിയില്‍ ആയതിനാല്‍ ഇവര്‍ മരണപ്പെട്ടു. ഈ കേസിലാണ് ഇപ്പോള്‍ ഡേവിഡ് പിയേഴ്സ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞത്.
2021-ൽ ലോസ് ഏഞ്ചൽസില്‍ നടന്ന ഒരു വെയർഹൗസ് പാർട്ടിയിൽ വച്ച് പിയേഴ്സും അയാളുടെ സുഹൃത്ത് മൈക്കൽ അൻസ്ബാച്ചും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് പെൺകുട്ടികളെ അപ്പാർട്ട്മെന്‍റില്‍ എത്തിച്ചത്. ഇതില്‍ മൈക്കൽ കോടതിയില്‍ പിയേഴ്സിന് എതിരായി മൊഴി നല്‍കി. പെണ്‍കുട്ടികളുടെ നില മോശമായപ്പോള്‍ എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാന്‍ പിയേഴ്സിനോട് താന്‍ അപേക്ഷിച്ചപ്പോൾ, "മരിച്ചവര്‍ സംസാരിക്കില്ല" എന്ന് പറഞ്ഞ് പിയേഴ്സ് ഈ ആവശ്യം നിരസിച്ചതായി അൻസ്ബാക്ക് കോടതിയില്‍ മൊഴി നല്‍കി.
മൈക്കൽ ഉടന്‍ തന്നെ അവിടെ നിന്നും പോയി. പിന്നാലെ പിയേഴ്സും മറ്റൊരു സുഹൃത്ത് ബ്രാൻഡ് ഓസ്ബോണും ചേർന്ന് മൃതദേഹങ്ങൾ കാറിൽ കയറ്റുകയും ഒടുവിൽ റോഡരികിൽ തള്ളുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
2021-22ൽ കേസില്‍ പിയേഴ്സ് അറസ്റ്റിലായതോടെ ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ഹോളിവുഡ് സിനിമകളിൽ വേഷങ്ങൾ വാഗ്ദാനം ചെയ്ത് പിയേഴ്സ് തങ്ങളെ ബലാത്സംഗം ചെയ്തുവെന്നും തുടർന്ന് മയക്കുമരുന്ന് നൽകിയെന്നും ആരോപിച്ച് ഏഴോളം പേര്‍ രംഗത്ത് എത്തി. പിയേഴ്‌സിനെ 'സീരിയൽ റേപ്പിസ്റ്റ്' എന്നാണ് പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്.
ഹോളിവുഡ് നിലവാരത്തില്‍ സൂപ്പർ നാച്ചുറൽ ത്രില്ലര്‍: 'വടക്കന്‍ വരുന്നു'
ക്രിഷ് 4 നടക്കുമോ? കൈയ്യില്‍ അതിന് വേണ്ട പണമില്ലെന്ന് രാകേഷ് റോഷന്‍
