സീരിയൽ താരങ്ങളിൽ ഏവർക്കും സുപരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും. ഒരുമിച്ചെത്തിയ പരമ്പകളിലും, പിന്നീട് സോഷ്യൽ മീഡിയയിലും ഇരുവരും നിറസാന്നിധ്യമായിരുന്നു. പലപ്പോഴും വീട്ടിലെ വിശേഷങ്ങളുമായി ജിഷിൻ എത്താറുണ്ട്. എല്ലാ നുറുങ്ങു വിശേഷങ്ങളും പ്രത്യേക ശൈലിയിലാണ് ജിഷിൻ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെയാകാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഈ വിശേഷങ്ങൾ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ രസകരമായ ഒരു കുറിപ്പിലൂടെ വരദയുമായുള്ള പ്രണയം എങ്ങനെ സംഭവിച്ചുവെന്ന് പറയുകയാണ് ജിഷിൻ. 

ജിഷിന്റെ കുറിപ്പ്...

ഇതിൽ ആദ്യത്തെ ഫോട്ടോ ഞങ്ങൾ പ്രണയിക്കുന്നതിനു മുൻപുള്ളതാണ്. അമല സീരിയലിലെ ഒരു രംഗം ഷൂട്ട്‌ ചെയ്തോണ്ടിരുന്നപ്പോൾ ഞങ്ങൾ എന്തോ രഹസ്യം പറയുന്നത്. ഇതുപോലെ മനസ്സിലൊന്നുമില്ലാതെ നല്ല സുഹൃത്തുക്കളായിരുന്ന നമ്മളെ തമ്മിൽ അടുപ്പിച്ച ഒരാളുണ്ട്. 

ആ സീരിയലിന്റെ ഡയറക്ടർ. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു, "ജിഷിനെ..അവൾക്ക് നിന്നോട് എന്തോ ഉണ്ട്, ഇടക്കിടയ്ക്ക് നിന്നെയവള് എറികണ്ണിട്ട് നോക്കുന്നുണ്ട്". ഞാനൊന്നവളെയൊന്ന് പാളി നോക്കിയപ്പൊ അവള് ദാണ്ടേ മച്ചും നോക്കിയിരിക്കുന്നു.

"ഒന്ന് പോ സാറെ ചുമ്മാ.. അങ്ങനെയൊന്നുമില്ല' എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും, അതൊരു കരടായി എന്റെ മനസ്സിൽ കിടന്നു. അതിൽപ്പിന്നെ അവളെന്നെ നോക്കുന്നുണ്ടോ എന്ന് നോക്കലായിരുന്നു ലൊക്കേഷനിലെ എന്റെ മെയിൻ പണി... അവളാണെങ്കിൽ തല പോയാലും നോക്കുന്നില്ല. അതുപിന്നെ അങ്ങനെയാണല്ലോ.. ഒരാണ് നോക്കുന്നത് പെണ്ണിനറിയാൻ സാധിക്കും.

പെണ്ണ് നോക്കുന്നത് ആണിന് മനസ്സിലാക്കാൻ സാധിക്കുകയേയില്ല... അങ്ങനെ ബുറേവി ചുഴലിക്കാറ്റ് കാത്തിരുന്ന മലയാളികളെപ്പോലെ, കാത്തിരുന്ന് കാത്തിരുന്ന്, ആ കാത്തിരിപ്പിന്റെ അവസാനം, അടുത്ത ദിവസം അവളുടെ ഭാഗത്തു നിന്നുമെനിക്കൊരു കടാക്ഷം ലഭിച്ചു. പ്രണയത്തിന്റെ ബഹിർസ്പുരണം ഞാനാ കണ്ണുകളിൽ ദർശിച്ചു.

മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ പറയാറ്.. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ മുഖത്തു നോക്കിയിട്ടായിരുന്നു ഞാൻ മേക്കപ്പ് ചെയ്തിരുന്നത് പോലും. അവൾക്ക് ഷൂട്ട്‌ ഇല്ലാത്ത ദിവസങ്ങളിൽ മാത്രം മേക്കപ്പ്മാന്റെ കയ്യിലുള്ള കണ്ണാടി ഉപയോഗിക്കും . പിന്നീടത് മാരത്തൺ നോട്ടമായി മാറി, നമ്മൾ തമ്മിലുള്ള സംസാര സമയം കൂടി, ലൊക്കേഷനിൽ പ്രശ്നമായി, വീട്ടിലും നാട്ടിലും പ്രശ്നമായി, ഒത്തിരി പാരവെപ്പുകളെയും പ്രശ്നങ്ങളെയും അതിജീവിച്ച് അവസാനം.. ആ സീരിയൽ കഴിയുന്നതിനു മുൻപ് തന്നെ, രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചു.

പക്ഷെ ഇതൊന്നുമല്ലായിരുന്നു ഇതിലെ ട്വിസ്റ്റ്‌. പ്രണയത്തിലായ ശേഷം പരസ്പരം മനസ്സുതുറക്കുന്ന ഒരു വേളയിലായിരുന്നു ആ ഞെട്ടിക്കുന്ന യാഥാർഥ്യം ഞങ്ങൾ മനസ്സിലാക്കിയത്. നമ്മുടെ ഡയറക്ടറുണ്ടല്ലോ.. എന്നോട് പറഞ്ഞ അതേ വാക്കുകൾ അവളോടും പറഞ്ഞിരുന്നു. 'വരദേ.. നിന്നെ ആ ജീഷിൻ നോക്കുന്നുണ്ട് കേട്ടോ' എന്ന്..
.
അപ്പൊ ഞാൻ നേരത്തെ പറഞ്ഞ, അവളുടെ കണ്ണുകളിൽ കണ്ട പ്രണയത്തിന്റെ ബഹിർസ്പുരണം?? തേങ്ങയാണ്. യഥാർത്ഥത്തിൽ അവളെന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാൻ അവളെ നോക്കുന്നുണ്ടോ എന്നവളും നോക്കിയതായിരുന്നു... എന്നാലുമെന്റെ സാറേ.. ഇപ്പൊ ആലോചിക്കുമ്പോ.. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല..