പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. വിശാഖിന്‍റെ നിര്‍മ്മാണത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹൃദയത്തിന്‍റെ അണിയറക്കാരില്‍ മിക്കവരും കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്.

പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശാഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കുകയും ചെയ്‍തു. 

ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോസ് ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളി.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്‍റെ പേരില്‍ത്തന്നെ പുതിയ നിര്‍മ്മാണ കമ്പനി വിശാഖ് ആരംഭിച്ചു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലെത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. പ്രണവ് മോഹന്‍ലാലിന്‍റെയും കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു ചിത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും ചിത്രം എത്തി. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ളത്.

ALSO READ : 'സ്റ്റീഫന്‍റെ തട്ട് താണുതന്നെയിരിക്കും'; 'ഗോഡ്‍ഫാദര്‍' ടീസര്‍ ട്രോളില്‍ മുക്കി 'ലൂസിഫര്‍' ആരാധകര്‍