'മൃദു ഭാവേ ദൃഢ കൃത്യേ' ആണ് സൂരജിന്‍റെ പുതിയ സിനിമ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് സൂരജ് സണ്‍ അഭിനയത്തില്‍ സജീവമാവുന്നത്. അതിലെ നായകവേഷമായ ദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു സൂരജ് അവതരിപ്പിച്ചിരുന്നത്. വളരെ ജനപ്രീതി നേടിയെടുത്ത കഥാപാത്രത്തില്‍ നിന്നും താരമൂല്യം നേടിയെടുക്കാനും പ്രശസ്തിയിലേക്ക് വളരാനും സൂരജിന് സാധിച്ചു. എന്നാല്‍ നായകനായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സൂരജ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. അതുവരെ ആരാധകരുടെ മനം കവര്‍ന്ന നായകന്‍ പിന്മാറിയത് പ്രേക്ഷകരില്‍ പലരെയും നിരാശരാക്കിയിരുന്നു. ഈ പരമ്പര താന്‍ ഉപേക്ഷിച്ചു എന്നാണ് പലരും കരുതിയിരിക്കുന്നതെന്നും എന്നാല്‍ സത്യം അതല്ലെന്നും സീരജ് സണ്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറയുന്നത്.

"പാടാത്ത പൈങ്കിളി എന്ന സീരിയല്‍ ഇട്ടിട്ട് പോയി എന്നാണ് കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചോദ്യങ്ങളും ഇത് സംബന്ധിച്ച് ആയിരുന്നു. എല്ലാവരും പറഞ്ഞത് ഞാന്‍ സിനിമ കിട്ടിയപ്പോള്‍ സീരിയല്‍ ഇട്ടിട്ട് പോയതാണെന്നാണ്. പക്ഷേ സത്യത്തില്‍ ആ സമയത്ത് എനിക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് അഭിനയിക്കാന്‍ സാധിച്ചില്ല. രണ്ട് മാസം മാറി നിന്നപ്പോള്‍ വേറൊരാളെ നായകനാക്കി. പിന്നെയും ഞാന്‍ തിരികെ വരികയാണെങ്കില്‍ ആ പയ്യന്റെ കരിയറിനെയും അത് ബാധിക്കും. അതുകൊണ്ട് പിന്നെ സീരിയലിലേക്ക് പോയില്ല", സൂരജ് പറയുന്നു.

"ഒരു വര്‍ഷത്തോളം വേറൊരു പരിപാടിക്കും പോകാതെ വെറുതെയിരുന്നു. പിന്നെ വേറൊന്നും ചെയ്യാതെ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ചെയ്തതെന്നും സൂരജ് പറയുന്നു. സീരിയലിന്റെ അണിയറ പ്രവര്‍ത്തകരുമായി പ്രശ്‌നമുണ്ടെന്നും അവരെ വഞ്ചിച്ചു എന്നുമൊക്കെയുള്ള കമന്റുകള്‍ക്കും നടന്‍ മറുപടി കൊടുത്തു. എന്ത് വഞ്ചിക്കാനാണ്. ഞാനിപ്പോഴും അതിന്റെ നിര്‍മാതാവിനെയും സംവിധായകനെയുമൊക്കെ കണ്ടിരുന്നു. അവരുമായിട്ട് നല്ല സൗഹൃദത്തിലാണ്", സൂരജ് വ്യക്തമാക്കുന്നു. അതേസമയം സൂരജ് പ്രധാന വേഷത്തിലെത്തുന്ന 'മൃദു ഭാവേ ദൃഢ കൃത്യേ' എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്.

ALSO READ : 'ഗസ്റ്റ് റോള്‍ വേണ്ട, ഒരു ട്വീറ്റ് എങ്കിലും'? വിജയ്‍യുടെ ബന്ധു ആയതിനാൽ നഷ്ടമായ അവസരങ്ങളെക്കുറിച്ച് വിക്രാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം