കുബേര ഓഡിയോ ലോഞ്ചിൽ, തന്നെ ട്രോളുകയും വിമർശിക്കുകയും ചെയ്തവർക്കെതിരെ ധനുഷ് ശക്തമായി പ്രതികരിച്ചു. 23 വർഷമായി തന്നെ പിന്തുണയ്ക്കുന്ന ആരാധകർ തന്റെ ശക്തിയാണെന്നും തന്നെ തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നയൻതാരയുമായുള്ള പ്രശ്നങ്ങളാണ് ഈ പ്രതികരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
ചെന്നൈ: ധനുഷ് നായകനായി എത്തുന്ന കുബേര ജൂൺ 20 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഞായറാഴ്ച ചെന്നൈയിൽ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നു. ചടങ്ങിൽ സംസാരിക്കുമ്പോൾ തന്നെ ട്രോളുകയും തന്നെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്ത എല്ലാവർക്കും ധനുഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.
വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ച് ചടങ്ങിന് എത്തിയ ധനുഷിന്‍റെ ഓഡിയോ ലോഞ്ചിലെ വേഷം തന്നെ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. അതിന് പുറമേയാണ് എതിരാളികള്‍ക്ക് എന്ന രീതിയില്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുന്നത്.
"നിങ്ങൾക്ക് എന്നെക്കുറിച്ച് എത്ര മോശം കാര്യം വേണമെങ്കിലും പ്രചരിപ്പിക്കാം. എന്നെക്കുറിച്ച് എന്ത് നെഗറ്റീവ് വാർത്തയും പ്രചരിപ്പിക്കാം. എന്റെ ഒരു സിനിമ റിലീസ് ചെയ്യുമ്പോഴെല്ലാം, ഒന്നര മാസം മുമ്പ് എനിക്കെതിരെ ഒരു നെഗറ്റീവ് പ്രചാരണം ഉണ്ടാകും.
പക്ഷേ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കാരണം എന്റെ ആരാധകർ എനിക്ക് ശക്തമായ പിന്തുണ നല്‍കുന്നു. എന്റെ ആരാധകർ 23 വർഷമായി എന്നോടൊപ്പമുണ്ട്. അവർ എന്റെ സുഹൃത്തുക്കളാണ്. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് എന്നെ നശിപ്പിക്കാൻ ശ്രമിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അതിനേക്കാൾ വലിയ മണ്ടത്തരമില്ല. നിങ്ങൾക്ക് ഒരു ഇഷ്ടിക പോലും അനക്കാൻ കഴിയില്ല" ധനുഷ് പറഞ്ഞു.
വലിയ കൈയ്യടിയോടെയാണ് ധനുഷ് ആരാധരകര്‍ ഈ വാക്കുകള്‍ സ്വീകരിച്ചത്. അടുത്തിടെ നടി നയന്‍താരയുമായി ഉണ്ടായ പ്രശ്നങ്ങള്‍ മനസില്‍ വച്ചാണ് ധനുഷ് ഇങ്ങനെ പ്രതികരിച്ചത് എന്നാണ് ഇപ്പോള്‍ കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
ധനുഷ് പിന്നീടും തന്‍റെ പ്രസംഗം തുടര്‍ന്നു. "നിങ്ങൾ ആരായാലും, നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ജീവിതം. നിങ്ങൾക്ക് വരേണ്ടത് നിങ്ങളിലേക്ക് വരും, അത് നിങ്ങളിൽ നിന്ന് ആർക്കും എടുത്തുകളയാൻ കഴിയില്ല. സന്തോഷത്തോടെ ഇരിക്കുക. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, അത് നിങ്ങളുടെ ഉള്ളിലാണ് വേണ്ടത്.
ഒരു ദിവസം ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ഞാൻ പാടുപെട്ട ഒരു കാലമുണ്ടായിരുന്നു, ഇന്ന് ഞാൻ ഒരു നല്ല സ്ഥലത്താണ്. എന്നാൽ ഞാൻ ഏത് അവസ്ഥയിലായാലും ഞാൻ സന്തോഷവാനാണ്, കാരണം ഞാൻ ഒരിക്കലും പുറത്ത് സന്തോഷം അന്വേഷിച്ചിട്ടില്ല. എന്റെ ഉള്ളിൽ സന്തോഷം തേടി.
ജീവിതത്തിൽ സമാധാനവും സന്തോഷവും എന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നില്ല. ഇത്രയും വർഷങ്ങളും എന്റെ ഉയർച്ച താഴ്ചകളും ഉണ്ടായിരുന്നിട്ടും. എന്റെ യാത്രയിലുടനീളം നിങ്ങളെല്ലാവരും എന്നോടൊപ്പം ഉണ്ടായിരുന്നു, എനിക്ക് നന്ദിയുണ്ട്." താരം പറഞ്ഞു.
അതേ സമയം ധനുഷിന്‍റെ ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന കുബേര താരനിബിഢമാണ്. നാഗാര്‍ജുന, രശ്മിക തുടങ്ങിയവര്‍ ഇതില്‍ അഭിനയിക്കുന്നു. പാൻ ഇന്ത്യ ചിത്രമായി ഒരുക്കുന്ന കുബേര മുംബൈ പാശ്ചത്തലമാക്കിയുള്ള ഒരു കഥയാണ് പറയുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.