ലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളു, അത് സാന്ത്വനം എന്നാണ്. അതിനെ ചിലര്‍ ശിവാഞ്ജലി ഇഫക്ട് എന്നും, ചിപ്പി മാജിക്കെന്നും, സേതു കണ്ണന്‍ കൂട്ടുകെട്ടെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണെന്നതില്‍ മാത്രം സംശയമില്ല. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം.

പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ ബീജീഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ഫാന്‍ ഗ്രുപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്. കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് തന്റെ ആരാധകര്‍ക്ക് നന്ദിയും, ടിക് ടോക്കിലൂടെ പരമ്പരയിലേക്കെത്തിയ വിശേഷവും ബിജേഷ് തുറന്നു പറഞ്ഞത്.

ചെറുപ്പം മുതല്‍ തന്നെ കലാപരമായി എന്തെങ്കിലുമെല്ലാം ആവണം എന്നത് ആഗ്രഹമായിരുന്നെന്നും, നാട്ടിലെ എല്ലാ കലാ മത്സരങ്ങള്‍ക്കും നാടകത്തിനുമെല്ലാം പങ്കെടുക്കുമായിരുന്നെന്നും ബിജേഷ് പറയുന്നു. തന്റെ കലാപരമായ ആഗ്രഹങ്ങളും കഴിവുകളും ആദ്യം മനസ്സിലാക്കിയത് നാട്ടുകാരാണെന്നും, അവരുടെ പ്രോത്സാഹനമാണ് ഇവിടെവരെ എത്തിച്ചതെന്നും താരം പറയുന്നുണ്ട്. പാട്ട് പാടുമോ എന്ന ആരാധകരുടെ നരിന്തരമായ ചോദ്യങ്ങള്‍ക്കൊടുവില്‍, 'ഒന്നിനി ശ്രുതി താഴ്ത്തി, പാടുക പൂങ്കുയിലേ' എന്ന പാട്ടും പാടിയാണ് ബിജേഷ് ലൈവ് അവസാനിപ്പിക്കുന്നത്.

'ടിക് ടോക്കിലൂടെയാണ് ആളുകള്‍ ശ്രദ്ധിക്കപെടുന്നതിലേക്ക് മാറിയത്, അതിന് ടിക് ടോക്കിനോട് എത്രകണ്ട് നന്ദി പറഞ്ഞാലും മതിയാകില്ല.. അങ്ങനെയാണ് ശരിക്കും പരമ്പരയിലേക്ക് എത്തിച്ചേരുന്നത്. പണ്ടുമുതല്‍ക്കെ നാടകത്തിലും മറ്റും വേഷങ്ങളെല്ലാം ചെയ്തിരുന്നു. പരമ്പരയിലേക്ക് എത്തിയപ്പോള്‍ അത് സഹായിച്ചു. കൂടാതെ കുട്ടിയായിരിക്കുന്ന കാലം മുതലേ നാട്ടുകര്‍ എല്ലാവരും, വരയ്ക്കാനായാലും അഭിനയിക്കാനാണെങ്കിലും.. എല്ലാറ്റിനും സപ്പോര്‍ട്ടാണ്. സാന്ത്വനത്തെപ്പറ്റി പറയുമ്പോള്‍, സെറ്റ് എല്ലായിപ്പോഴും അടിപൊളിയാണ്. അതിലെ സീനിയറായിട്ടുള്ള കലാകാരന്മരാണെങ്കിലും, പുതിയ താരങ്ങളാണെങ്കിലും എല്ലാവരും ഒരേ വൈബാണ്. ഏറ്റവും മികച്ച ആളുകളാണെന്നെ പറയാന്‍ കഴിയുള്ളു.'  കൂടാതെ പരമ്പരയിലെ എല്ലാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആളുകളേയും പേരെടുത്ത് ഓര്‍ക്കാനും ബിജേഷ് മറന്നില്ല.

റോള്‍ തരുമോ എന്ന് കമന്റായി ചോദിച്ച ആളോട്, ഞാന്‍ എന്നെങ്കിലും ഡയറക്ടറായി എന്നറിയുമ്പോള്‍ മെസേജ് അയച്ചാല്‍ മതി, നമുക്ക് പരിഗണിക്കാം.. ഇപ്പോള്‍ ഞാന്‍തന്നെ ചെറിയ വേഷത്തില്‍ പിടിച്ചു നില്‍ക്കുകയാണെന്നുമാണ് ബിജേഷ് പറയുന്നത്.