വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ഷോയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ അഭിപ്രായത്തിനുള്ള മറുപടി?

ഏറെക്കാലത്തിന് ശേഷമാണ് ഒരു വിഷു സീസണ്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷം ഏറ്റവുമധികം ചിത്രങ്ങള്‍ വിജയിച്ച ഇന്‍ഡസ്ട്രിയെന്ന പേര് വിഷുച്ചിത്രങ്ങളിലൂടെയും മലയാള സിനിമ തുടരുകയാണ്. വിഷു റിലീസുകളായെത്തിയ മൂന്ന് ചിത്രങ്ങളും മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ തുടരുമ്പോള്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവുമാണ്. ഇപ്പോഴിതാ ആവേശം സംവിധായകന്‍റെ ഒരു ഇന്‍റര്‍വ്യൂ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആവേശം സംവിധായകന്‍ ജിത്തു മാധവന്‍റെ ഒരു പ്രസ്താവന ഇങ്ങനെ- "ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്സ് ഉള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നുവച്ചാല്‍ നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാ​ഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്", ഒപ്പമുള്ള ചിത്രത്തിലെ അഭിനേതാക്കളായ സജിന്‍ ഗോപു, ഹിപ്സ്റ്റര്‍ എന്നിവര്‍ക്കൊപ്പം ചിരിച്ചുകൊണ്ടാണ് ഇത് പറയുന്നത്. ഈ ക്ലിപ്പ് വൈറല്‍ ആവാന്‍ ഒരു കാരണമുണ്ട്. ആവേശത്തിനൊപ്പം തിയറ്ററുകളിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ഷോയ്ക്ക് ശേഷം യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരെ കണ്ട ധ്യാന്‍ ശ്രീനിവാസന്‍ തങ്ങളുടെ ചിത്രം വിഷു വിന്നര്‍ ആവുമെന്ന് പറഞ്ഞിരുന്നു. ജ്യേഷ്ഠനും ചിത്രത്തിന്‍റെ സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആവേശത്തിന്‍റെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടെന്ന് അഭിപ്രായപ്പെട്ടെന്നും ധ്യാന്‍ അവിടെ പറഞ്ഞിരുന്നു. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ധ്യാന്‍ ഇന്‍റര്‍വ്യൂസില്‍ പൊട്ടിക്കാറുള്ള തമാശകളുടെ മട്ടിലേ ഈ കമന്‍റ് പൊതുവില്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എടുത്തിരുന്നുള്ളൂവെങ്കിലും ഇത് വൈറല്‍ ആയിരുന്നു.

Scroll to load tweet…

പുതിയ അഭിമുഖത്തില്‍ ധ്യാനിന്‍റെ അഭിപ്രായം കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരുന്നുവെന്നാണ് ജിത്തു മാധവന്‍റെ മറുപടി. ധ്യാനിന്‍റെ പ്രതികരണം തങ്ങള്‍ സീരിയസ് ആയി എടുത്തിട്ടില്ലെന്നും ജിത്തു പറയുന്നു. "ധ്യാന്‍ ആ മൂഡില്‍ പറ‍ഞ്ഞതൊന്നുമല്ല. ഒരു കോമ്പറ്റീഷന്‍ മൂഡ് ഒന്നും അവര്‍ക്കൊന്നുമില്ല. ഞാന്‍ വിനീതേട്ടനുമായിട്ടൊക്കെ സംസാരിക്കാറുണ്ട്", ജിത്തു പറയുന്നു. സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നെന്നും ജിത്തു മാധവന്‍ പറയുന്നു- "വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള്‍ ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല", 'ആവേശം' സംവിധായകന്‍റെ വാക്കുകള്‍.

ALSO READ : മാനസികാഘാതത്തില്‍ ഗബ്രി, ആശ്വസിപ്പിക്കാനാവാതെ സഹമത്സരാര്‍ഥികള്‍; മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

Dhyan Sreenivasan Funny Speech Full After Release At Theatre With Varshangalkku Shesham Crew