മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. വലംകൈയ്യില്‍ തോക്കും ഇടംകൈയ്യില്‍ ഒരു കോഴിയുമായി നടന്നുവരുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ച പോസ്റ്ററിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഒരു മണിക്കൂറിനകം ഇരുപതിനായിരത്തിലേറെ ലൈക്കുകളും 2200ല്‍ ഏറെ കമന്റുകളും 1100ല്‍ ഏറെ ഷെയറുകളുമാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് ലഭിച്ചത്. 

രസകരമായ കമന്റുകളോടെയാണ് ആരാധകര്‍ പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. കൈയ്യില്‍ പിടിച്ചിരിക്കുന്ന കോഴിയെ തോക്കുകൊണ്ട് വെടിവച്ച് ഇട്ടതാണോ എന്ന രസകരമായ ചോദ്യം പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് പലരും ചോദിക്കുന്നുണ്ട്.

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതരായ ജിബി-ജോജുവിന്റേതാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.