Asianet News MalayalamAsianet News Malayalam

'വരിയംകുന്നന്‍': നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് ലീഗ് നേതാവ്, 15 കോടി മുടക്കിയാല്‍ പടം വരുമെന്ന് ഒമര്‍

അതേ സമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്ത് എത്തി. ബാബു ആന്‍റണിയെ വച്ച് വാരിയംകുന്നന്‍’ ചെയ്യാം എന്ന ആശയമാണ് സംവിധായകന്‍ പറയുന്നത്. 

iuml leader Shafi-Chaliyam ready to produce Variyankunnan Film
Author
Kochi, First Published Sep 2, 2021, 9:27 AM IST

കൊച്ചി: ‘വാരിയംകുന്നന്‍’ സിനിമ പ്രതിസന്ധിയിലായതോടെ സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഇത് അറിയിച്ചത്. സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും  ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ പോസ്റ്റ്. വാരിയൻ കുന്നന്റെ വേഷം ഏറ്റടുക്കാൻ ഉള്ള ധൈര്യം ഉള്ള ഏത് കലാകാരൻ ആണ് ഉള്ളത്.. പറ...’ എന്ന് പോസ്റ്റില്‍ പറയുന്നു. 

അതേ സമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്ത് എത്തി. ബാബു ആന്‍റണിയെ വച്ച് വാരിയംകുന്നന്‍’ ചെയ്യാം എന്ന ആശയമാണ് സംവിധായകന്‍ പറയുന്നത്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്‍റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരുമെന്നാണ് ഒമറിന്‍റെ പോസ്റ്റ്. ഇതിനടിയില്‍ തന്നെ ഷാഫി ചാലിയത്തിന്‍റെ പ്രസ്താവന പലരും ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്. 

അതേ സമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം.

നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.

അതേസമയം സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്‍റെ '1921 പുഴ മുതല്‍ പുഴ വരെ' എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍. ഇതില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്ബര്‍ ചിത്രം മാത്രമാണ്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios