എട്ട് വര്‍ഷമായി ബിഗ് സ്ക്രീനില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും ആ വിടവ് താന്‍ മുന്‍പഭിനയിച്ചിരുന്ന അനേകം സിനിമകളിലൂടെ ജഗതി ശ്രീകുമാര്‍ നികത്തുന്നുണ്ട്. മിനിസ്ക്രീനിലൂടെയോ വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെയോ ജഗതിയുടെ ഒരു രംഗമെങ്കിലും കാണാത്ത ദിവസം മലയാളി സിനിമാപ്രേമിയെ സംബന്ധിച്ചും അപൂര്‍വ്വമായിരിക്കും. മലയാളികളുടെ മനസില്‍ ജഗതിക്കുള്ള സ്ഥാനം വെളിവാക്കുന്ന അവസരമായിരുന്നു ഈയിടെ കടന്നുപോയ അദ്ദേഹത്തിന്‍റെ 70-ാം പിറന്നാള്‍. സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ അന്ന് ജഗതി മാത്രമായിരുന്നു താരം. എട്ട് വര്‍ഷത്തിനിപ്പുറവും അദ്ദേഹം സ്ക്രീനിലേക്ക് തിരിച്ചുവരുന്നതിനായുള്ള കാത്തിരിപ്പും ആരാധകര്‍ക്കും മലയാള സിനിമാലോകത്തിനുമുണ്ട്. ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്‍റെ ഒരു പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മകള്‍ക്കൊപ്പം ഒരു വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്ന ജഗതിയാണ് വീഡിയോയില്‍.

മകള്‍ പാര്‍വ്വതി ഫോണിലൂടെ കാണിച്ചുകൊടുക്കുന്ന ഒരു വീഡിയോയാണ് ജഗതി കാണുന്നത്. വീടിന്‍റെ ഉമ്മറത്തിരുന്ന് കുശലം പറയുന്ന രണ്ട് വൃദ്ധ ദമ്പതികള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ ആണിത്. തെങ്ങിന് വളമിടുന്ന കാര്യം അമ്മൂമ്മ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേള്‍വിക്ക് പ്രശ്നമുള്ള അപ്പൂപ്പന് കാര്യം മനസിലാക്കാന്‍ പറ്റുന്നില്ല. ആവര്‍ത്തിച്ച് ഇക്കാര്യം പറഞ്ഞിട്ടും 'എന്നാ തരാമെന്ന്..' എന്നാണ് അപ്പൂപ്പന്‍റെ മറുപടി. ഇതിന് ദേഷ്യത്തോടെയുള്ള അമ്മൂമ്മയുടെ കൗണ്ടര്‍ ഡയലോഗ് അടങ്ങിയതാണ് വീഡിയോ. അര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട് ആസ്വദിച്ച് കുടുകുടെ ചിരിക്കുന്ന ജഗതിയെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് കുടുംബാംഗങ്ങള്‍ തന്നെയാണ്.