ഗോകുലം ഗോപാലൻ ആണ് നിർമ്മാണം

നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയിരിക്കുന്ന പ്രോജക്റ്റ് ആണ് ആശകള്‍ ആയിരം. ഇന്നലെയാണ് ചിത്രത്തിന്‍റെ പേരും ടൈറ്റില്‍ ലുക്കുമടക്കം എത്തിയത്. ഒരു വടക്കൻ സെൽഫിയിലൂടെ ശ്രദ്ധ നേടിയ ജി പ്രജിത്ത് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ എത്തിയ ജയറാമിന്‍റെയും കാളിദാസിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ പ്രോജക്റ്റ് ഡിസൈനർ ആയ ബാദുഷ എൻ എം ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവ്വഹിക്കുന്നത്‌. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങളിൽ ജയറാം- കാളിദാസ് കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒന്നാണ്. കാളിദാസ് പിന്നീട് നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ഈ കോമ്പിനേഷന്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നെങ്കിലെന്ന പ്രേക്ഷകരുടെ കാത്തിരിപ്പാണ് ആശകള്‍ ആയിരത്തിലൂടെ സഫലമാകുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌ ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ എം, എഡിറ്റർ ഷഫീഖ് പി വി, മ്യൂസിക് സനൽ ദേവ്, ആർട്ട് നിമേഷ് താനൂർ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ്.

ആശകൾ ആയിരത്തിന്റെ മറ്റ് അപ്‌ഡേറ്റുകൾ തുടർനാളുകളിൽ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മലയാളം, തമിഴ് സിനിമാ മേഖലകളില്‍ കലാമൂല്യമുള്ളതും താരസമ്പന്നവുമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ്‌ ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയും ഈ ബാനറില്‍ എത്തുന്ന മറ്റ് ചിത്രങ്ങളാണ്.

Asianet News Live | SFI Protest | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്