കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ താരം പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് ധാരാളം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ജയറാമിന് സാധിച്ചു. താരത്തന്റെ 55-ാം പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് പ്രിയനടന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ആശംസകൾ നന്ദി അറിയിക്കുകയാണ് ജയറാം.  

സോഷ്യൻ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു ജയറാം നന്ദി അറിയിച്ചത്. ‘നമസ്കാരം, എന്റെ ജന്മദിനത്തിൽ സ്നേഹങ്ങളും ആശംസകളുമൊക്കെ നേരിട്ടും അല്ലാതെയും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദി. താങ്ക്യൂ താങ്ക്യൂ സോമച്ച് ‘, എന്നാണ് ജയറാം വീഡിയോയിൽ പറഞ്ഞത്. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള തന്റെ പശുഫാമില്‍ നിന്നാണ് ജയറാം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

പത്ത് വർഷങ്ങൾക്ക് മുമ്പാണ് ജയറാം പശുഫാം ആരംഭിച്ചത്. ഫാമില്‍ ഇപ്പോള്‍ അമ്പതില്‍ അധികം പശുക്കളുണ്ട്. തറവാട്ടിനടുത്ത് പൈതൃക സ്വത്തായി കിട്ടിയ ആറ് ഏക്കര്‍ സ്ഥലത്താണ് ഫാം സ്ഥിതിചെയ്യുന്നത്. പശുക്കള്‍ക്ക് മാത്രമായുള്ള ഒരു ഫാം ആണിത്. കൃഷ്ണഗിരിയില്‍ നിന്നുള്ള പശുക്കളാണ് ഫാമില്‍ കൂടുതലും. ജയറാമിന്റെ ഫാമിനെ നേരത്തെ സംസ്ഥാനത്തെ മാതൃകാ ഫാമായി കേരള ഫീഡ്‌സ് പ്രഖ്യാപിച്ചിരുന്നു.