മോഹന്‍ലാലിന്റെ ഓണച്ചിത്രമായിരുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യിലൂടെ നവാഗതരായ ഇരട്ട സംവിധായകരെയാണ് മലയാളത്തിന് ലഭിച്ചത്. ആദ്യ സിനിമയില്‍ നായകനായി മോഹന്‍ലാല്‍ എന്ന താരത്തെയും ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനിയെയും ലഭിച്ചതിനെക്കുറിച്ച് ജിബിയും ജോജുവും നേരത്തേ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസമാണ് തങ്ങള്‍ ഇരുവരുടെയും ജീവിതത്തെ അപ്പാടെ മാറ്റിമറിച്ച ആ തീരുമാനം വന്നതെന്ന് പറയുന്നു അവര്‍. 'ഇട്ടിമാണി' നിര്‍മ്മിക്കാമെന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പ് നല്‍കിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനായിരുന്നുവെന്ന് അവര്‍ പറയുന്നു. 

'ഇത് നമ്മള്‍ ചെയ്യുന്നു മക്കളേ', ആന്റണി പെരുമ്പാവൂരിന്റെ വാക്ക്

ജീവിതം മാറി മറിഞ്ഞ ദിവസം. 25 വര്‍ഷത്തെ കാത്തിരിപ്പിനും അദ്ധ്വാനത്തിനും ദൈവം അനുഗ്രഹിച്ച് തന്ന ദിവസം- ഒക്ടോബര്‍ 8. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദൈവാനുഗ്രഹം സംഭവിച്ചത്. ക്ലാപ്പ് അസിസ്റ്റന്റില്‍ തുടങ്ങിയ സിനിമാ ജീവിതം ഇന്നത്തെ സിനിമാ സംവിധായകര്‍ എന്ന നിലയിലേക്ക് ദൈവം കൈ പിടിച്ച് ഉയര്‍ത്തിയ ദിവസം.

സ്വതന്ത്ര സംവിധായകര്‍ ആകുക എന്നത് ഈ മേഖലയിലെ എല്ലാവരുടേയും ഏറ്റവും വലിയ ആഗ്രഹമാണ്. പക്ഷെ കടമ്പകള്‍ ഏറെയാണ്. ഒരു നല്ല നിര്‍മ്മാതാവിനെ കിട്ടണം. നമ്മളെ വിശ്വസിച്ച് നല്ലൊരു താരം അവരുടെ ഡേറ്റ് തരണം. നല്ലൊരു തിരക്കഥ വേണം. നല്ല രീതിക്ക് ഈ സിനിമ വിതരണം ചെയ്യാന്‍ പറ്റണം.

ഞങ്ങളുടെ അന്നത്തെ സാഹചര്യത്തില്‍ ഒരു തിരക്കഥാകൃത്തിന് പണം നല്‍കി എഴുതിക്കുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അതുകൊണ്ടുതന്നെ ഈ ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയം ഞങ്ങള്‍ തിരക്കഥ എഴുതാന്‍ മാറ്റിവച്ചു. അങ്ങനെ ഇട്ടിമാണിയുടെ ഡ്രാഫ്റ്റ് ഞങ്ങള്‍ തയ്യാറാക്കി. ഇനി വേണ്ടത് നിര്‍മ്മാതാവ്, നല്ലൊരു താരം തുടങ്ങിയ വലിയ വലിയ കടമ്പകള്‍ ആണ്. അവിടെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൈവാനുഗ്രഹം സംഭവിച്ചത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുമ്പോള്‍ ഒരിക്കല്‍ ലാല്‍ സാര്‍ കഥ കേള്‍ക്കാന്‍ അവസരം തന്നു. ഈ കഥയിലെ പ്രധാന ഘടകം 'അമ്മ' ആയതിനാലാവാം അദ്ദേഹത്തിന് ഇത് ഇഷ്ടമായി. തുടന്ന് ലാലേട്ടന് വേണ്ടി ഒരുപാട് മിനുക്കുപണികള്‍ ഞങ്ങള്‍ സ്‌ക്രിപ്റ്റില്‍ വരുത്തി. ശേഷം ഞങ്ങള്‍ വീണ്ടും ആന്റണി ചേട്ടനെ സമീപിച്ചു. അദ്ദേഹത്തിനും കഥ ഇഷ്ടപ്പെട്ടു. അങ്ങനെ തിരക്കഥയുടെ മിനുക്കുപണികള്‍ എല്ലാം തീര്‍ത്ത് ഞങ്ങള്‍ കാത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സാക്ഷാല്‍ ആന്റണി പെരുമ്പാവൂര്‍ ഞങ്ങള്‍ക്ക് വാക്കു തരുന്നു, 'ഇത് നമ്മള്‍ ചെയ്യുന്നു മക്കളെ'

ഒരു പുതുമുഖ സംവിധായകര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത അംഗികാരം ആശിര്‍വാദ് സിനിമാസ്-മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍. അവിടെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രം ജനിക്കുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ലാലേട്ടാ, ആന്റണി ചേട്ടാ, ആശിര്‍വാദ് സിനിമാസ്..