മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്റെ ഭാര്യ വരദയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജിഷിന്‍ സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനിന്നത്, താരത്തിന്റെ ആരാധകര്‍ക്ക് അന്വേഷണത്തിന് വഴി വച്ചിരുന്നു.

എന്നാല്‍ എന്തായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നതെന്ന് ജിഷിന്‍ തന്നെ വ്യക്തമാക്കുകയാണിപ്പോള്‍. പെട്ടന്നുണ്ടായ അച്ഛന്റെ വിയോഗത്തോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്തതാണ് പെട്ടന്ന് ഉള്‍വലിയാനുള്ള കാരണമെന്നും, എന്നാല്‍ കാലത്തിന്റെ ഒഴുക്കിനനുസരിച്ച് മുന്നോട്ടുപോകേണ്ടത് അനിവാര്യമാണല്ലോയെന്നുമാണ് ജിഷിന്‍ പറയുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിന് അച്ഛന്‍ തങ്ങളെ വിട്ടുപോയെന്നും, എല്ലാവര്‍ക്കും 2020 നഷ്ടങ്ങളുടെ വര്‍ഷമായപ്പോള്‍, തനിക്ക് അതിന്റെ തീവ്രത വീണ്ടും കൂടിയെന്നും ജിഷിന്‍ കുറിക്കുന്നു.

അച്ഛന്റെ സ്‌നേഹം മനസ്സിലാക്കിയ നിമിഷത്തെക്കുറിച്ച് ജിഷിന്‍ വാചാലനാകുന്ന വീഡിയോയുടെ കൂടെയാണ് മരണത്തിന്റെ വിവരങ്ങളും മറ്റും ജിഷിന്‍ കുറിച്ചിരിക്കുന്നത്. കളിക്കാന്‍ പോകാതെ പഠിച്ച് പണി നേടാന്‍ അച്ഛന്‍ പറഞ്ഞതിന്റെ പേരില്‍ വീട് വിട്ടുപോയ അനുഭവവും. മേന്‍ വീടുവിട്ടിറങ്ങിയതു മുതല്‍ ഭക്ഷണംപോലും കഴിക്കാതെയിരുന്ന അച്ഛന്റേയും സ്‌നേഹം വീഡിയോ കാണുന്നവരിലും ചെറിയൊരു നോവ് തീര്‍ക്കുന്നതാണ്. അച്ഛന്റെ വിയോഗവിവരം ജിഷിന്റെ പുതിയ പോസ്റ്റിലൂടെ അറിഞ്ഞവരെല്ലാംതന്നെ താരത്തിന് ആശ്വാസവാക്കുകളുമായെത്തുന്നുണ്ട്.

ജിഷിന്‍ പങ്കുവച്ച കുറിപ്പിങ്ങനെ -

അച്ഛന്റെ സ്‌നേഹം മനസ്സിലാക്കിയ നിമിഷം

2020.. എല്ലാവര്‍ക്കും നഷ്ടങ്ങളുടെ വര്‍ഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വര്‍ഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആള്‍ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയന്‍. ആ അച്ഛനെ കാത്തിരുന്നത് പോസ്‌ട്രേറ്റ് ക്യാന്‍സറും, ലിവര്‍ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.
എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കര്‍ക്കശക്കാരനായ, സ്‌നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്‌നേഹമെല്ലാം മനസ്സിനുള്ളില്‍ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തില്‍. ഒരു വേളയില്‍ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയില്‍ ഞാന്‍ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാര്‍ത്ഥ സ്‌നേഹമെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു.
പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാല്‍ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകര്‍മ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്..
എന്റെ പിതാവിന്റെ വിയോഗത്തില്‍ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു 

വീഡിയോ