മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്. അടുത്തിടെ അച്ഛന്റെ വിയോഗത്തോടെ കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍നിന്നും മാറിനിന്ന താരം, വീണ്ടും സജീവമായിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിനെപ്പറ്റിയുള്ള രസകരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ജിഷിനിപ്പോള്‍.

തനിക്ക് ഐശ്വര്യമുള്ള മുഖമായതിനാല്‍ മിക്ക ദിവസങ്ങളിലും തന്നെ വച്ചായിരിക്കും ഷൂട്ടിംഗ് തുടങ്ങുകയെന്നും. അതുകൊണ്ട് ഫസ്‌റ്റ് സീനില്‍തന്നെ സെറ്റില്‍ ഹാജറാകണമെന്നുമാണ് രസകരമായ കുറിപ്പിലൂടെ ജിഷിന്‍ പറഞ്ഞുവയ്ക്കുന്നത്. താരത്തിന്റെ പോസ്റ്റ് മനോഹരമായ തമാശ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ നിറച്ചിരിക്കുന്നത്. ഇനിമുതല്‍ ജിഷിന്റെ മുഖം കണ്ട് പണിക്ക് പോകാമെന്നും, ചിത്രത്തില്‍ പുറകിലിരിക്കുന്നതാണ് ഡയറക്ടറെങ്കില്‍ മൂപ്പര് ചിന്തിക്കുന്നത് നിങ്ങള്‍ പറഞ്ഞതു പോലെയല്ലായെന്നും മറ്റുമുള്ള കമന്റുകളുമായി കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

താരത്തിന്റെ കുറിപ്പിങ്ങനെ

'രാവിലെ തന്നെ എന്റെ മുഖം വച്ച് സ്റ്റാര്‍ട്ട് ചെയ്താല്‍ അന്ന് മുഴുവന്‍ ഐശ്വര്യമാണെന്നാ ഡയറക്ടര്‍ പറയുന്നത്. ഓരോരോ വിശ്വാസങ്ങളേ. ഇത്രക്ക് ഐശ്വര്യമുള്ള മുഖം വേറാര്‍ക്കും കൊടുക്കല്ലേ ദൈവമേ. ഈ ഐശ്വര്യമുള്ള മുഖം കാരണം എന്നും ഫസ്റ്റ് സീന്‍ നമ്മുടെ തന്നെ വെയ്ക്കും.'