കഴിഞ്ഞദിവസം ജിഷിന്റേയും വരദയുടേയും ഏഴാം വിവാഹ വാര്‍ഷികമായിരുന്നു. 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍. വില്ലന്‍ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിത പങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ജിഷിന്റേയും വരദയുടേയും മകനായ ജിഷാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

കഴിഞ്ഞ ദിവസം ജിഷിന്റേയും വരദയുടേയും ഏഴാം വിവാഹ വാര്‍ഷികമായിരുന്നു. സന്തോഷദിനത്തില്‍ ക്യാപ്ഷന്‍ സിംഹമെന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കാറുള്ള ജിഷിന്‍ പങ്കുവച്ച രസകരമായ കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലാവരും വിവാഹ വാര്‍ഷികത്തിന് രാവിലെതന്നെ പോസ്റ്റിടാറുണ്ടെന്നും, എന്നാല്‍ ഈയിടെയായി ഉറങ്ങിയെണീക്കാന്‍ വൈകുന്നതു കൊണ്ടാണ് തലേന്നുതന്നെ പോസ്റ്റിടുന്നതെന്നുമാണ് ജിഷിന്‍ പറയുന്നത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് ജിഷിനും വരദയ്ക്കും ആശംസകളുമായെത്തിയത്. ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ എന്നുപറഞ്ഞ് വരദയും തങ്ങളുടെ വിവാഹഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ശാലു കുര്യന്‍, ആര്യ പാര്‍വതി, ഷഫ്‌ന നിസാം തുടങ്ങിയവരെല്ലാംതന്നെ വരദയുടെ പോസ്റ്റിനുതാഴെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ജിഷിന്റെ കുറിപ്പിങ്ങനെ

'വിവാഹ വാര്‍ഷികത്തിന് സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാന്‍ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ ആശംസകളും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ് ഇടേണ്ടത്. അല്ലെങ്കില്‍ ഇനി ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ. അതുകൊണ്ട് മെയ് ഇരുപത്തഞ്ച് തീരാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അര്‍ത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേല്‍ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്നതിന്റെ ഏഴാം വിവാഹ വാര്‍ഷികാശംസകള്‍.'

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona