നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കലാകാരനാണ് ജിഷിന്‍ മോഹന്‍. മിനിസ്‌ക്രീനില്‍ സജീവമായ ജിഷിന്‍ വിവാഹം കഴിച്ചതും മിനിസ്‌ക്രീനില്‍ നിന്നുതന്നെയായിരുന്നു. വില്ലന്‍ നായികയെ അടിച്ചോണ്ടുപോയി എന്നായിരുന്നു ജിഷിന്‍ വരദയെ വിവാഹം ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രയോഗം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ മിക്ക ദിവസങ്ങളിലും പോസ്റ്റുകളിടാറുണ്ട്. തന്റെ സ്വതസിദ്ധമായ തമാശകലര്‍ന്ന വാക്കുകളിലൂടെ കുറിക്കുന്ന വാക്കുകളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

കഴിഞ്ഞ ദിവസത്തെ ജിഷിന്റെ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുറെ ആളുകള്‍ക്കുള്ള സംശയം ജിഷിനുവേണ്ടി ഡബ്ബ് ചെയ്യുന്നത് മമ്മൂക്കയാണോ എന്നാണെന്നും, എന്നാല്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണയാണെന്നും, തനിക്ക് ഡബ്ബ് ചെയ്യുന്നതിനായി മറ്റാരേയും സമ്മതിക്കാറില്ലെന്നുമാണ് ജിഷിന്‍ പറഞ്ഞിരിക്കുന്നത്. ശബ്ദ ഗാംഭീര്യംകാരണം ആളുകള്‍ തെറ്റിദ്ധരിച്ചതാകാമെന്നും, ഇനിയിപ്പോള്‍ മമ്മൂക്കയ്ക്കുവേണ്ടി ഡബ്ബ് ചെയ്യാനായി തന്നെ വിളിക്കുമോന്ന് സംശയമുണ്ടെന്നും ജിഷിന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഡബ്ബിംഗ് സ്റ്റുഡിയോയിലെ ഒരു ചിത്രം പങ്കുവച്ചതിനൊപ്പമാണ് താരം കുറിപ്പെഴുതിയിരിക്കുന്നത്.

മമ്മൂക്കയ്ക്ക് ടാഗ് ചെയ്യാതിരുന്നത് നന്നായി, അല്ലെങ്കില്‍ തല്ല്  തീരില്ലായിരുന്നുവെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. കൂടാതെ തങ്ങള്‍ക്ക് അത്തരത്തിലുള്ള സംശയമേ ഇല്ലായിരുന്നെന്നും ചില വിരുതന്മാര്‍ കമന്റിടുന്നുണ്ട്. ''പലര്‍ക്കുമുള്ളൊരു സംശയമാണ്, എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത് മമ്മുക്ക ആണോ എന്നത്. ആ ശബ്ദഗാംഭീര്യം കൊണ്ടായിരിക്കാം..?? പക്ഷെ ഇപ്പൊ ഞാന്‍ ആ രഹസ്യം വെളിപ്പെടുത്തുകയാണ് സൂര്‍ത്തുക്കളെ.. ഞാന്‍ തന്നെയാണ് എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത്. ആ ഘനഗംഭീര ശബ്ദം എന്റേത് തന്നെയാണ് ??. ഇനിയിപ്പോ മമ്മുക്കയ്ക്ക് വേണ്ടി ഡബ് ചെയ്യാന്‍ എന്നെ വിളിക്കുമോന്നാ..'' എന്നായിരുന്നു ജിഷിന്‍ കുറിച്ചത്.