'അസിസ്റ്റന്റ് ഡയറക്ടറായ ജിതിനാണ് ഒരു ഷൂട്ടുണ്ട്, ജോയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് വിളിച്ചു ചോദിച്ചത്.' 

ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ജൂഹി രുസ്തഗി. ലക്ഷ്മി എന്ന 'ലച്ചു'വായാണ് പ്രേക്ഷകര്‍ക്ക് പക്ഷേ ജൂഹിയെ പരിചയം. സീരിയലിലെ 'ലച്ചു'വിന്റെ വിവാഹം ഏറെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ജൂഹിയുടെ വിവാഹമാണോ എന്ന തരത്തില്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും ഇത് സംബന്ധിച്ച പോസ്റ്റുകള്‍ക്കുതാഴെ സംശയവുമായി എത്തിയിരുന്നു. യഥാര്‍ത്ഥ വിവാഹം പോലെ തോന്നിക്കുന്നുവെന്നായിരുന്നു പ്രേക്ഷകരില്‍ ചിലര്‍ക്ക് പറയാനുണ്ടായിരുന്നത്. അതെന്തായാലും 'ലച്ചു'വിനെ വിവാഹത്തിനായി ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജോയ്ക്ക് പറയാനുള്ളതും അതുതന്നെയാണ്. 'ലച്ചു'വിന്റെ കല്യാണ വിശേഷങ്ങള്‍ അറിയിച്ച് ജോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ലച്ചുവിന്റെ വിവാഹ സ്‌പെഷ്യല്‍ എപ്പിസോഡിനായി മേക്കപ്പും ഹെയര്‍സ്‌റ്റൈലും ചെയ്തത് താനായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ജോയുടെ കുറിപ്പ് ആരംഭിക്കുന്നത്. 'അസിസ്റ്റന്റ് ഡയറക്ടറായ ജിതിനാണ് ഒരു ഷൂട്ടുണ്ട്, ജോയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് വിളിച്ചു ചോദിച്ചത്.' ഒരുപാട് ഇഷ്ടമായ പ്രോഗ്രാമിലെ ലച്ചുവിന്റെ കല്യാണ മേക്കപ്പ് ആണെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം ആയെന്നും ജോ കുറിച്ചു.

View post on Instagram

'മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിക്കുകയായിരുന്നു. ലച്ചുവിനൊപ്പം ഇതിനുമുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് മേക്കപ്പ് ചെയ്യാന്‍ എത്തണമെന്ന് പറഞ്ഞത്. ആഭരണങ്ങള്‍ അറേഞ്ച് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ട് ഞാനാണ് ആഭരണങ്ങള്‍ തെരഞ്ഞെടുത്തത്. ഒരു ദിവസം കൊണ്ട് ആഭരണങ്ങള്‍ സംഘടിപ്പിച്ചു.' ഏറെ ആസ്വദിച്ച് ചെയ്ത വര്‍ക്ക് ആയിരുന്നു ഇതെന്നും സാധാരണ ഒരു കുടുംബത്തിലെ വിവാഹത്തിന് മേക്കപ്പിനായി ചെല്ലുന്നതുപോലെ തോന്നിയെന്നും ജോ കൂട്ടിച്ചേര്‍ത്തു.