ബാല്യകാലത്ത് വംശീയ അധിക്ഷേപവും ബോഡി ഷെയ്മിംഗും നേരിട്ട ബോളിവുഡ് ഗായിക ജൊനിറ്റ ഗാന്ധി തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
മുംബൈ: കാനഡയിലെ ടൊറോന്റോയിൽ ജനിച്ചുവളർന്ന ബോളിവുഡ് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി ചെറുപ്പത്തില്‍ നേരിട്ട വംശീയ അധിക്ഷേപവും, ബോഡി ഷേമിംഗും തുറന്നു പറയുകയാണ് ഇപ്പോള്‍. ഒരു അഭിമുഖത്തിൽ, സ്കൂൾ കാലഘട്ടത്തിൽ തന്റെ മുഖത്തെ രോമങ്ങൾ കാരണം 'ഗോഡ്സില്ല' എന്ന് തന്നെ അധിക്ഷേപിച്ചുവെന്ന് അവർ വെളിപ്പെടുത്തി.
ദില്ലിയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ജനിച്ച ജോനിറ്റ, തന്റെ വ്യത്യസ്തമായ രൂപം കാരണം സഹപാഠികളിൽ നിന്ന് ക്രൂരമായ കളിയാക്കലുകൾ നേരിട്ടുവെന്നാണ് വെളിപ്പെടുത്തിയത്.
"എന്റെ മുഖത്തെ രോമങ്ങൾ കാരണം എന്നെ 'ഗോഡ്സില്ല' എന്നാണ് വിളിച്ചിരുന്നത്. 'നിന്നെ ആരും സ്നേഹിക്കില്ല' എന്നും അവർ പറഞ്ഞു" ജോനിറ്റ ഓർത്തെടുക്കുന്നു. കൗമാരപ്രായത്തിൽ, ഈ വാക്കുകൾ അവൾക്ക് വലിയ വേദന നല്‍കിയെന്ന് ഗായിക പറയുന്നു.
എന്നാല്‍ ഈ അനുഭവങ്ങൾ അവളെ തളർത്തിയില്ല; പകരം, തന്റെ ശക്തിയും സ്വത്വവും കണ്ടെത്താന്‍ ഇത് സഹായിച്ചുവെന്ന് ഗായിക പറയുന്നു. "എന്റെ മുഖത്തെ രോമങ്ങൾ എന്റെ ശരീരത്തിന്റെ ഭാഗമാണ്. ഞാൻ അതിനെ ഒരിക്കലും ലജ്ജിച്ചിട്ടില്ല," ജൊനിറ്റ ഗാന്ധി പറഞ്ഞു.
സംഗീതത്തോടുള്ള അഭിനിവേശമാണ് തന്നെ വളര്‍ത്തിയത് എന്നും ജൊനിറ്റ ഗാന്ധി പറയുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, തന്റെ വേദനകളെ സംഗീതത്തിലൂടെ മറക്കാനാണ് ഞാന്‍ ശ്രമിച്ചത്. യൂട്യൂബിൽ അവളുടെ ഗാനങ്ങൾ വൈറലായതോടെ ബോളിവുഡിൽ അവസരങ്ങൾ തുറന്നു. 2013-ൽ 'ചെന്നൈ എക്സ്പ്രസ്' എന്ന ചിത്രത്തിലെ "തിതലി" എന്ന ഗാനം അവളെ പ്രശസ്തയാക്കി.
തുടർന്ന്, 'ദിൽവാലെ', 'ബാജിറാവു മസ്താനി' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അവളെ ബോളിവുഡിലെ മുൻനിര പിന്നണി ഗായികമാരിൽ ഒരാളാക്കി. വംശീയതയും ബോഡിഷെയിമിംഗും നേരിട്ട ജൊനിറ്റ, തന്റെ സ്വത്വത്തെ ആഘോഷിക്കാൻ തീരുമാനിച്ചു.
ബാല്യകാലത്തെ വേദനകളെ മറികടന്ന്, സ്വയം സ്നേഹിക്കാനും വ്യത്യസ്തതയെ ആഘോഷിക്കാനും പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്നു. "നിന്‍റെ വ്യത്യസ്തത നിന്‍റെ ശക്തിയാണ്," എന്നാണ് ജോനിറ്റ പറയുന്നത്.


