ചെന്നൈ: തെന്നിന്ത്യൻ താരജോടികളായ സൂര്യയെയും ജ്യോതികയെയും സിനിമാപ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും പരസ്യങ്ങൾക്കുമുൾപ്പടെ നിറകയ്യടിയോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയത് സൂര്യയുടെ പൂർണ്ണപിന്തുണയോടെയാണെന്ന് ജ്യോതിക നേരത്തെ തുറന്നുപറഞ്ഞതാണ്. താൻ എത്തുന്ന എല്ലാ വേദികളിലും ജ്യോതിക സൂര്യയെക്കുറിച്ച് വാചാലയാകാറുണ്ട്. എന്നാൽ, ഇത്തവണ അതുണ്ടായില്ല.

സൂര്യയുടെ സഹോദരനും നടനുമായ കാർത്തി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തമ്പി. ചിത്രത്തിൽ കാർത്തിക്കൊപ്പം ജ്യോതികയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു ജോതിക. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഇതൊരു പൂർണ കുടുംബചിത്രമാണെന്നായിരുന്നു ചിത്രത്തെക്കുറിച്ച് ജ്യോതികയുടെ കമന്റ്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ, കോസ്റ്റ്യൂമർ അങ്ങനെ എല്ലാവരെയും കുറിച്ച് ദീർഘമായി സംസാരിച്ച ജ്യോതിക പ്രസംഗത്തിന് ഒടുവിൽ മാത്രമാണ് സൂര്യയെക്കുറിച്ച് പരാമർശിച്ചത്. അതും ദീർഘിച്ച വാക്കുകളിലൂടെയായിരുന്നില്ല ആ പരാമർശം,

'ഐ ലവ് യു സൂര്യ', എന്ന് പറ‍ഞ്ഞായിരുന്നു ജ്യോതിക തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്. ഇതോടെ നിറഞ്ഞ കയ്യടിയും ആർപ്പുവിളിയുമായിരുന്നു സദസ്സിൽനിന്നും ഉയർന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയും കാർത്തിയും കൂടാതെ സത്യരാജ്, നിഖില വിമല്‍, ആൻസൺ പോൾ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് സത്യരാജിനൊപ്പം ജ്യോതിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. സത്യരാജിനൊപ്പ് താൻ സിനിമയിലെത്തുന്നതിൽ തന്നെക്കാളും ആവേശം മക്കൾക്കായിരുന്നുവെന്ന് ജോതിക പറ‍ഞ്ഞു.

സത്യരാജ് സർ മക്കൾക്കിടയിൽ വലിയ സ്റ്റാറാണ്. ഈ സിനിമയെക്കുറിച്ച് അവരോട് പറഞ്ഞപ്പോൾ, അമ്മ നിങ്ങൾ വളരെ ഭാഗ്യവതിയാണല്ലോ. കട്ടപ്പയുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചല്ലോ എന്നായിരുന്നു അവർ പറഞ്ഞത്. അവരുടെ ചിറ്റപ്പൻ കാർത്തിയും ഞാനും ഒരുമിച്ച് അഭിനയിക്കുന്നതിലും ആയിരുന്നില്ല അവർക്ക് ത്രിൽ. സത്യരാജ് സാറിനൊപ്പം അഭിനയിക്കുന്ന കാര്യമാണ് അവരെ ആവേശത്തിലാക്കിയത്. അവർക്ക് കട്ടപ്പയാണ് താരമെന്നും ജ്യോതിക പറഞ്ഞു.