ദ്യത്തെ കൺമണിക്കരികിലിരുന്ന് താരാട്ടു പാടി സംഗീത സംവിധായകൻ കൈലാസ് മേനോൻ. മകന്റെ ‍നെറുകയിൽ തലോടി കുഞ്ഞു കൈകളിൽ വിരൽ ചേർത്ത് പാട്ടുപാടിയുറക്കുന്നതിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കൈലാസ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അച്ഛന്റെ കരുതലിൽ മയങ്ങുന്ന കുഞ്ഞിന്റെ ക്യൂട്ട് രംഗമാണ് വീഡിയോയിൽ ഉള്ളത്.

‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും മികച്ചതുമായ വർഷമായിരുന്നു 2020. ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അളവറ്റ നിമിഷങ്ങൾ സമ്മാനിച്ച 2020ന് ഒരുപാടൊരുപാട് നന്ദി. എല്ലാവർക്കും ഏറെ സ്നേഹത്തോടെ പുതുവർഷാശംസകൾ നേരുന്നു’, എന്നാണ് വീഡിയോ പങ്കുവച്ച് കൈലാസ് കുറിച്ചത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെയുള്ള വീഡിയോ ആണിത്. 

‘ആയുഷ്കാലം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്നു പാടിയ ‘മൗനം സ്വരമായ്’ എന്നു തുടങ്ങുന്ന പാട്ടാണ് കൈലാസ് പാടുന്നത്. 

2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും ആൺകുഞ്ഞ് ‌പിറന്നത്. മകന് സമന്യു രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്. കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. മകനെ ചേർത്തു പിടിച്ചുള്ള ക്യൂട്ട് ചിത്രങ്ങൾ കൈലാസ് മേനോൻ ഇതിനു മുൻപും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുടുംചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.