അമ്മയും മുത്തശ്ശിയും പകര്‍ന്നു തന്ന പാഠങ്ങള്‍ തന്റെ മകളോടും പറയാറുണ്ടെന്നും കാജോള്‍ പറയുന്നു. സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നും മകളെ ഉപദേശിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

മുംബൈ: ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹമായിരുന്നു കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും. നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഇരുവരുടെയും ഒന്നുചേരല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹവും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് കാജോൾ നടത്തിയ ചില പരാമർശങ്ങളാണ് ചർച്ചാവിഷയമാകുന്നത്. തങ്ങളുടെ വിവാഹത്തെ ആദ്യം എതിർത്തത് തന്റെ അച്ഛനാണെന്ന് കാജോള്‍ പറയുന്നു.

‘അച്ഛനാണ് ആദ്യം എന്റെ വിവാഹത്തെ എതിര്‍ത്തത്. കാരണം മറ്റൊന്നുമല്ല, 24മത്തെ വയസ്സില്‍ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു കരിയര്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. എന്റെ കുടുംബത്തില്‍ ആർക്കും പാട്രിയാര്‍ക്കി സ്വഭാവം ഉണ്ടായിരുന്നില്ല. എന്തും നേരിടാനുള്ള കഴിവ് എനിക്കുണ്ടായത് എന്റെ കുടുംബത്തില്‍ നിന്നുമാണ്’, കാജോള്‍ പറയുന്നു.

അമ്മയും മുത്തശ്ശിയും പകര്‍ന്നു തന്ന പാഠങ്ങള്‍ തന്റെ മകളോടും പറയാറുണ്ടെന്നും കാജോള്‍ പറയുന്നു. സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നും മകളെ ഉപദേശിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ത്രിഭംഗയാണ് കാജോളിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒ.ടി.ടി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കജോളിനൊപ്പം താന്‍വി ആസ്മി, മിഥില പാല്‍ക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. രേണുക ഷാഹനെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.