തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ വലിയ ആരാധകനാണ് കാളിദാസ്. പല വേദികളിലും വിജയ്‍യെ അനുകരിച്ച് കൈയടി നേടിയിട്ടുമുണ്ട് കാളിദാസ്. ഇപ്പോഴിതാ പ്രിയതാരത്തെ നേരില്‍ കണ്ട്, കുറച്ചുസമയം ചിലവഴിച്ചതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്.

വിജയ്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കാളിദാസ് പങ്കുവച്ചത്. വെറും സന്ദര്‍ശനമാണോ അതോ വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ട് സംബന്ധിച്ച ചര്‍ച്ചയാണോ എന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകര്‍ക്ക് അങ്ങനെയും വിചാരിക്കാന്‍ കഴിയുന്ന തരത്തിലാണ് ചിത്രത്തിനൊപ്പമുള്ള കാളിദാസിന്‍റെ കുറിപ്പ്. "കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടില്ലെന്ന് നിങ്ങള്‍ കരുതുമ്പോള്‍.. ഇത്രയും സമയം ചിലവഴിച്ചതിനും അതിനുള്ള പ്രയത്നത്തിനും നന്ദി, വിജയ് സാര്‍. എന്നെ സംബന്ധിച്ച് ഇത് ഏറെ മൂല്യമുള്ളതാണ്", കാളിദാസ് കുറിച്ചു. 'മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്‍റ്' എന്നും കാളിദാസ് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രമായ 'പാവ കഥൈകളി'ലെ അഭിനയം കാളിദാസിന് അടുത്തിടെ ഒട്ടേറെ തമിഴ് ആരാധകരെ നേടിക്കൊടുത്തിരുന്നു. 'സൂരറൈ പോട്ര്' സംവിധായിക സുധ കൊങ്കരയുടെ 'തങ്കം' എന്ന ചിത്രത്തിലാണ് ടൈറ്റില്‍ കഥാപാത്രമായി (സത്താര്‍/തങ്കം) കാളിദാസ് എത്തിയത്. ചിത്രം വിജയ് കണ്ടിരുന്നുവെന്നും തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും കാളിദാസിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച ശന്തനു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാലോകം. പൊങ്കല്‍ റിലീസ് ആയി 13ന് ചിത്രം തീയേറ്ററുകളിലെത്തും. പൊങ്കല്‍ റിലീസുകള്‍ക്ക് മുന്നോടിയായി തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും കേന്ദ്ര ഇടപെടലിനെത്തുടര്‍ന്ന് ഇന്നലെ അത് പിന്‍വലിച്ചിരുന്നു. തീയേറ്ററുകളില്‍ 50 ശതമാനം പ്രവേശനമേ പാടുള്ളുവെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ പ്രദര്‍ശനങ്ങളുടെ എണ്ണം കൂട്ടാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ചിലമ്പരശന്‍ നായകനാവുന്ന 'ഈശ്വരന്‍' ആണ് മറ്റൊരു പൊങ്കല്‍ റിലീസ്.