മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ നായികാവേഷത്തിലെത്താന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്റെ അരങ്ങേറ്റചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കല്യാണിയുടെ നായകന്‍. ദുല്‍ഖര്‍ നിര്‍മ്മാതാവ് കൂടിയാകുന്ന ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയില്‍ ദുല്‍ഖറും കല്യാണിയും ഒരുമിച്ചുള്ള ചില സ്റ്റില്ലുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആ രംഗത്തിന്റെ കൗതുകം പറഞ്ഞുകൊണ്ടാണ് കല്യാണി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

എയര്‍പോര്‍ട്ടിലെത്താന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോള്‍ സംവിധായകന്‍ എടുത്ത രംഗത്തില്‍ നിന്നുള്ള സ്റ്റില്‍ ആണ് അതെന്ന് പറയുന്നു കല്യാണി. അത്തരത്തില്‍ മാന്ത്രികത സംഭവിക്കുന്ന സെറ്റാണ് അനൂപ് സത്യന്റേതെന്നും. ടെറസിന് മുകളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ദുല്‍ഖറും കല്യാണിയുമാണ് ചിത്രത്തിലുള്ളത്. ചെന്നൈയില്‍ പുരോഗമിക്കുന്ന ചിത്രീകരണം അവസാനഘട്ടത്തിലാണ്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് അനൂപ് സത്യന്‍ ചിത്രം ഒരുക്കുന്നത്. 

 

ശോഭന, സുരേഷ് ഗോപി എന്നിവരെക്കൂടാതെ ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉയരെ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതമൊരുക്കുന്നത് അല്‍ഫോണ്‍സ് ജോസഫ്. ടോബി ജോണ്‍ എഡിറ്റിംഗ്. ജനുവരി അവസാനം തീയേറ്ററുകളില്‍ എത്തിയേക്കും.