രവി മോഹൻ നായകനായി എത്തുന്ന ജീനി എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിലാണ് കല്യാണി പ്രിയദർശന്റെ ബെല്ലി ഡാൻസുള്ളത്. താരത്തിനൊപ്പം കൃതി ഷെട്ടിയും രവി മോഹനും ഗാനരംഗത്തുണ്ട്.
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തിയത് മലയാളത്തിന്റെ പ്രിയ താരം കല്യാണി പ്രിയദർശനാണ്. നീലി എന്ന ചന്ദ്രയായി അതി ഗംഭീര പ്രകടനം കല്യാണി കാഴ്ചവച്ചപ്പോൾ പിറന്നത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ കൂടി ആയിരുന്നു. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഫീമെയിൽ ഓറിയന്റഡ് സിനിമ കൂടിയാണിന്ന് ലോക. നിലവിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ചിത്രം. ഇതിനിടെ കല്യാണിയുടെ ഒരു ബെല്ലി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
രവി മോഹൻ നായകനായി എത്തുന്ന ജീനി എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിലാണ് കല്യാണി പ്രിയദർശന്റെ ബെല്ലി ഡാൻസുള്ളത്. താരത്തിനൊപ്പം കൃതി ഷെട്ടിയും രവി മോഹനും ഗാനരംഗത്തുണ്ട്. നിനച്ചിരിക്കാത്ത വേഷത്തിൽ കല്യാണി എത്തിയപ്പോൾ മലയാളികൾ ഒന്നാകെ ഞെട്ടി. പ്രശംസകൾ കൊണ്ട് കല്യാണിയെ ഏറ്റെടുത്തു. 'ഇത് ഞങ്ങടെ നീലി അല്ല. ചുമ്മാ തീ പെർഫോമൻസ്' എന്ന് പറഞ്ഞാണ് പലരും കമന്റ് ചെയ്യുന്നത്. നല്ലൊരു ശ്രമമാണ് കല്യാണി നടത്തിയതെന്നും ആരാധകർ പറയുന്നു. എന്നാൽ പ്രശംസകൾ ഒരു വശത്ത് നടക്കുമ്പോൾ, നീരസം പ്രകടിപ്പിക്കുന്നവരും ധാരാളമാണ്. ഇത് വേണ്ടായിരുന്നുവെന്നും ഇങ്ങനെയുള്ള വേഷം ചെയ്യല്ലേ എന്നുമാണ് ഇവർ പറയുന്നത്. എന്തായാലും ഗാനം സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായി കഴിഞ്ഞു. അതിൽ ശ്രദ്ധേയ താരം കല്യാണിയും.
ജീനി സോംഗ് റിലീസ് ചെയ്തതിന് പിന്നാലെ കല്യാണി പങ്കുവച്ച വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. "ഒരു അഭിനേതാവെന്ന നിലയിൽ, ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനും അതൊരു ചലഞ്ചായി ഏറ്റെടുക്കാനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ആ നിമിഷങ്ങളിൽ ഒന്നായിരുന്നു ഈ ഗാനവും. ജീനിയിലെ ഏറ്റവും പ്രധാനപ്പെട്ടതും വാണിജ്യപരവുമായ ഈ ഗാനം സംവിധായകൻ ഭുവനേഷ് എത്ര മനോഹരമായി നിർമ്മിച്ചുവെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. നിങ്ങൾ സിനിമ കാണുന്നത് വരെ എനിക്ക് കാത്തിരിക്കാനാവുന്നില്ല. അതിന് പിന്നിൽ ചില ശക്തമായ കാരണങ്ങളുമുണ്ട്. വളരെയധികം കഠിനാധ്വാനം ചെയ്ത്, പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയുമാണ്. നിങ്ങളെല്ലാവർക്കും ഇത് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു", എന്നായിരുന്നു കല്യാണിയുടെ വാക്കുകൾ.



