ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബർ ആക്രമണം. കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ കലാകാരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വിവാദം.
മുംബൈ: ദുബായില്‍ വച്ച് പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെ ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതിന്‍റെ വെളിച്ചത്തിലാണ് ഒരു വിഭാഗം കരീനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയത്.
ഏപ്രിൽ 22നാണ് കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികള്‍ വിനോദസഞ്ചാരികളെ വെടിവച്ചു കൊന്നത്. 26 പേർ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടയിലാണ് പാകിസ്ഥാൻ ഡിസൈനര്‍ക്കൊപ്പമുള്ള കരീനയുടെ ഫോട്ടോ പുറത്തുവരുന്നത്.
ഏപ്രിൽ 27 ന് ഫറാസ് മനൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഏപ്രിൽ 27 ന് രാവിലെ മുംബൈയിൽ നിന്നും നടി യാത്ര പുറപ്പെട്ടിരുന്നു. പക്ഷേ അവർ ദുബായില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണോ?, അതോ ഫോട്ടോകൾ പുതിയതാണോ എന്നതില്‍ വ്യക്തതയില്ല.

എന്നിരുന്നാലും, ദുബായിൽ ഒരു സ്റ്റോർ പാശ്ചത്തലത്തില്‍ ഉള്ളതിനാല്‍ ഇത് ദുബായില്‍ നിന്നും എടുത്ത ചിത്രമാണ് എന്ന് വ്യക്തമാണ്. "വിത്ത് ദി ഒജി" എന്ന തലക്കെട്ടോടെയാണ് ഫറാസ് മനന്‍ കരീനയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടത്. ഫറാസ് മനനിന്‍റെ ടീമും ചിത്രത്തിലുണ്ട്.
കരീന കപൂറിനെ കൂടാതെ നടിമാരായ കിയാര അദ്വാനി, അദിതി റാവു ഹൈദരി, താര സുതാരിയ, നീതു കപൂർ, സോനം കപൂർ, സാറ അലി ഖാൻ, ജാൻവി കപൂർ, മഹീപ് കപൂർ, കാർത്തിക് ആര്യൻ, പുൽകിത് സാമ്രാട്ട്, ആദർ ജെയിൻ എന്നിവരും ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്ന ഡിസൈനറാണ് ഫറാസ് മനന്‍. 42 കാരനായ ഡിസൈനർ മുമ്പ് ദീപിക പദുക്കോൺ, രൺബീർ കപൂർ, ആലിയ ഭട്ട്, അനന്യ പാണ്ഡേ എന്നിവരുമായും സഹകരിച്ച് ഷോകള്‍ ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, പാക് കലാകന്മാര്‍ക്കെതിരെ ഇന്ത്യയില്‍ വിലക്ക് വരുന്നത് സമയത്താണ് കരീന കപൂറിനൊപ്പമുള്ള പാക് ഡിസൈനറുടെ ഫോട്ടോ വരുന്നത്. ഇതോടെ കരീനയ്ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ കരീനയെ ആക്രമിക്കുന്നത്. സെയ്ഫ് അലി ഖാനുമായുള്ള അവരുടെ വിവാഹത്തെക്കുറിച്ച് പോലും ഇതുമായി ചേര്‍ന്ന് അഭിപ്രായം പറയാൻ ചിലർ അവസരം ഉപയോഗിച്ചു. മറ്റു ചിലർ കരീന കപൂറിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും അവരുടെ സിനിമകൾ കാണില്ലെന്നും അവരുടെ ബ്രാൻഡുകള്‍ ബഹിഷ്കരിക്കും എന്നുമാണ് പറയുന്നത്.
അതേ സമയം ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ കരീന കപൂര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ പാക് നടന്‍ അഭിനയിച്ച ബോളിവുഡ് ചിത്രത്തിന് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തും എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കരീനയ്ക്കെതിരായ സൈബര്‍ ആക്രമണം.
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ ചിത്രം 'ഹാഫ്' ചിത്രീകരണം ആരംഭിച്ചു
എഐ കെണിയില്‍ പെട്ട് ആമിര്‍ ഖാനും: ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം !
