'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്? നീ എന്തിന് ബിക്കിനി ധരിക്കുന്നത് അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നിയിട്ടില്ല'- കരീന പറഞ്ഞു.

ദില്ലി: അമ്മയായതിന് ശേഷവും ബിക്കിനി ധരിച്ചെത്തിയതിനെ വിമർശിച്ചവർക്കെതിരെ മറുപടിയുമായി ബോളിവുഡ് താരം കരീന കപൂർ. സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഷോയിലാണ് തനിക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്കെതിരെ മറുപടിയുമായി താരം എത്തിയത്. 

കുറച്ച് നാള്‍ മുന്‍പ് കരീനയും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നതിനായി വിദേശ യാത്ര നടത്തിയിരുന്നു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവ് കുനാലും മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

അതിൽ കരീനയും സോഹയും ബിക്കിനി ധരിച്ചെത്തിയ ഒരു ചിത്രവും ഉണ്ടായിരുന്നു. ഇതിന് താഴെ വന്ന ഒരു കമന്റാണ് അര്‍ബാസ് ഖാന്‍ പരിപാടിക്കിടയില്‍ കരീനയെ വായിച്ച് കേള്‍പ്പിച്ചത്. ''നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നാണക്കേടു തോന്നുന്നില്ലേ'' എന്നായിരുന്നു ആ കമന്റ്. 

കമന്റിന് വളരെ രോഷത്തോടെയാണ് കരീന മറുപടി പറഞ്ഞത്. 'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്? നീ എന്തിന് ബിക്കിനി ധരിക്കുന്നത് അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. വളരെയേറെ ഉത്തരവാദിത്ത്വബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കും. നീന്താൻ വേണ്ടിയാണ് ഞാൻ ബിക്കിന് ധരിക്കുന്നത്,'- കരീന പറഞ്ഞു.

2012 ഒക്ടോബറിലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. മകൻ തൈമൂറിന്റെ ജനനത്തോടെ സിനിമയില്‍ നിന്നും വിട്ട് നിന്ന കരീന 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.