'നിങ്ങളൊരു ആന്റിയാണ്, കൗമാരക്കാരിയെപോലെ പെരുമാറരുത്' എന്നായിരുന്നു കരീനയെക്കുറിച്ച് ഒരു വ്യക്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കമന്റ്

ദില്ലി: ബോളിവുഡിലെ എക്കാലത്തെയും താരസുന്ദരിയാണ് കരീന കപൂർ. 38-ാം വയസിലും വളരെ ​ഗ്ലാമറസാണവർ. അമ്മയായതിന് ‍ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 

സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഷോയിലാണ് താരത്തിനെതിരെ ഉയർന്ന വിമർശനങ്ങളും ട്രോളുകളും ചർച്ചയായത്. പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു താരം. പരിപാടിക്കിടയില്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അര്‍ബാസ് ഖാന്‍ ഉന്നയിക്കുകയായിരുന്നു. 

'നിങ്ങളൊരു ആന്റിയാണ്, കൗമാരക്കാരിയെപോലെ പെരുമാറരുത്' എന്നായിരുന്നു കരീനയെക്കുറിച്ച് ഒരു വ്യക്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കമന്റ്. കരീന തന്നെയാണ് കമൻ്റ് വായിച്ചത്. ഇതിനെതിരെ വികാരഭരിതമായ മറുപടിയാണ് കരീന പറഞ്ഞത്.

'ആളുകൾ ചിന്തിക്കുന്നത് സെലിബ്രിറ്റികൾക്ക് വികാരങ്ങളൊന്നും ഇല്ലായെന്നാണ്. സെലിബ്രിറ്റികളുടെ വികാരങ്ങളെപറ്റി ആളുകൾക്ക് ചിന്തയില്ല. നടന്‍മാര്‍ക്കും നടിമാര്‍ക്കും ഒരു വികാരവും ഇല്ലെന്ന രീതിയിലാണ് ആളുകള്‍ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണം എന്നാണ് ആളുകളുടെ നിലപാടെന്നും,' കരീന പ്രതികരിച്ചു.

താരങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങളും അവയോടുള്ള താരങ്ങളുടെ പ്രതികരണവുമാണ് ഷോ ചര്‍ച്ച ചെയ്യുന്നത്. കരണ്‍ ജോഹന്‍, സൊനാക്ഷി സിന്‍ഹ, സോനം കപൂര്‍, കപില്‍ ശര്‍മ്മ, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരും വ്യത്യസ്ത എപ്പിസോഡുകളിലായി വെബ് സീരീസില്‍ അതിഥികളായി എത്തുന്നുണ്ട്.