ജനപ്രിയ യൂട്യൂബ് സിരീസ് കരിക്കിന്റെ കൊറോണക്കാലത്തെ അവബോധ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗംമായിരിക്കുന്നത്. ഫ്രഷ്‌നെസ് എന്ന ടാഗ് ലൈനോടുകൂടെ കരിക്കിറക്കുന്ന എല്ലാ വീഡിയോകളും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. 'അകത്തുകേറി മുതലാളി' ബാബു ആന്‍ഡ് മുതലാളി ഫോണ്‍കോള്‍ എന്നാണ് പുതിയ വീഡിയോയുടെ പേര്. വീഡിയോ ഇതിനോടകംതന്നെ ഹിറ്റായി മാറിക്കഴിഞ്ഞു.

മലയാളികള്‍ ഏറ്റെടുത്ത അറേജ്‌മെന്റ് കല്ല്യാണം എന്ന കോമഡിയിലെ ബാബു നമ്പൂതിരിയും മുതലാളിയുമാണ് പുതിയ വീഡിയോയിലുള്ളത്. അതിഥി തൊഴിലാളിയായ ബാബുവിനോട് മുതലാളി കൊറോണയുടെ ഭീകരത പറഞ്ഞുനല്‍കുന്നതും, കൊറോണക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ബോധവാനാക്കുന്നതുമാണ് പുതിയ വീഡിയോ. കൂടാതെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നുമുള്ള സന്ദേശവും കരിക്ക് നല്‍കുന്നുണ്ട്. ബാബുവിന്റെ 'ചോട്ടൂ അന്തര്‍ ആ' എന്ന ഡയലോഗും ഹിറ്റായെന്നുവേണം പറയാന്‍.

കൊറോണക്കാലത്ത് വീടിന് പുറത്തിറങ്ങാതെതന്നെ ഷൂട്ട് ചെയ്ത വീഡിയോ, ഷൂട്ടിംഗിന്റെ കാര്യത്തിലും ആളുകള്‍ക്ക് മാതൃകയാകുന്നു എന്നുവേണം പറയാന്‍. വീഡിയോ പൂര്‍ണ്ണമായും മൊബൈലിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 'വീഡിയോ ക്ലാരിറ്റി കുറവായതിന് ക്ഷമിക്കണം, ഇത് മൊബൈലില്‍ ഷൂട്ട് ചെയ്തതാണ്' എന്നു പറഞ്ഞുതന്നെയാണ് കരിക്ക് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. അഞ്ച് മിനിട്ടുള്ള പുതിയ വീഡിയോ ഇതിനോടകംതന്നെ മൂന്ന് മില്ല്യണിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.