Asianet News MalayalamAsianet News Malayalam

മനോഹര പ്രണയം സമ്മാനിച്ച് 'കൂടെവിടെ' : അഭിനന്ദനങ്ങളുമായി പ്രേക്ഷകര്‍

സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് 'ഋഷിയ' എന്നാണ്. 

koodevide malayalam serial fans giving thanks to crew for onscreen unconditional love of rishiya
Author
Kerala, First Published Oct 23, 2021, 4:57 PM IST
  • Facebook
  • Twitter
  • Whatsapp

ലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് 'കൂടെവിടെ' (Koodevide). പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും (Bipin Jose) അന്‍ഷിദ അഞ്ജിയുമാണ് (Anshitha Anji). ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം ഇരുവര്‍ക്കുമിടയിലെ ബന്ധം വളര്‍ന്നിരിക്കുകയാണ്. ഇരുവരുടേയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത്.

സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് 'ഋഷിയ' എന്നാണ്. ഇരുവരോടുമുള്ള സ്‌നേഹവും, പരമ്പരയെ കുറിച്ചുള്ള അഭിപ്രായങ്ങളും കൊണ്ട് സോഷ്യല്‍മീഡിയ നിറച്ചിരിക്കുകയാണ് ആരാധകരിപ്പോള്‍. പ്രേക്ഷകര്‍ക്ക് സംത്യപ്തമാകുന്ന തരത്തിലേക്ക്, അല്ലായെങ്കില്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നതുപോലെ പരമ്പര മാറിക്കഴിഞ്ഞു എന്നാണ് യൂട്യൂബിലൂടെ ഏഷ്യാനെറ്റ് പങ്കുവയ്ക്കുന്ന പ്രൊമോ വീഡിയോകള്‍ക്ക് ആരാധകര്‍ കമന്റ് ചെയ്യുന്നത്.koodevide malayalam serial fans giving thanks to crew for onscreen unconditional love of rishiya

കൂടെവിടെ പരമ്പരയുടെ കഥാഗതി ഇങ്ങനെ

കോളേജിന്റെ പശ്ചാത്തലത്തിലാണ് പ്രണയം അടിസ്ഥാനമാക്കിയുള്ള കൂടെവിടെ പരമ്പര വികസിക്കുന്നത്. ഒരേ കോളേജിലെ അധ്യാപകരാണ് ഋഷി, അദിതി, റാണിയമ്മ എന്നിവര്‍. അദിതിയുടെ ശരിക്കുള്ള മകനാണ് ഋഷിയെങ്കിലും, പല കാരണത്താല്‍ ഋഷിയെ വളര്‍ത്തുന്നത് റാണിയമ്മയാണ്. ഋഷിയാണ് തന്റെ മകനെന്ന് അദിതിക്ക് അറിയാമെങ്കിലും സാമൂഹിക ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്താല്‍ അത് വെളിപ്പെടുത്താന്‍ കഴിയാതെ പോകുന്നു. എങ്കിലും മകനെ സ്നേഹവായ്പ്പുകളോടെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും അദിതി ശ്രമിക്കുന്നുണ്ട്.

കോളേജിലെ ചുള്ളനായ അധ്യാപകനെ പല പെണ്‍കുട്ടികളും ആരാധിക്കുന്നുണ്ടെങ്കിലും, ഋഷി സ്നേഹിക്കുന്നത് സൂര്യ എന്ന കുട്ടിയെയാണ്. ഇരുവരുടേയും പ്രണയകഥ കോളേജില്‍ മിക്കവരും അറിയുന്നുണ്ടെങ്കിലും പരസ്പരമുള്ള തുറന്നുപറച്ചില്‍ സംഭവിക്കുന്നില്ല. അദിതിക്ക് ഇരുവരുടേയും പ്രണയം ഇഷ്ടമാണെങ്കിലും, ഋഷിയെ മറ്റൊരു കല്ല്യാണത്തിലേക്ക് നയിക്കാനാണ് റാണിയമ്മ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യയെ പരമാവധി ഉപദ്രവിക്കാനും, ഋഷിയില്‍നിന്നും അകറ്റാനും, തെറ്റിദ്ധാരണകള്‍ പരത്താനും റാണിയമ്മ ശ്രമിക്കുന്നുണ്ട്. നടക്കുന്ന കുപ്രചരണങ്ങള്‍ പലപ്പോഴും സൂര്യ-ഋഷിയ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നെങ്കിലും പ്രണയം തകരുന്നില്ല.

അതിനിടെ റാണിയമ്മയുടെ ഇടപെടല്‍ കാരണം അദിതി ടീച്ചര്‍ കോളേജ് മാറി പോകുന്നതും, സൂര്യയ്ക്ക് കോളേജില്‍ നിന്നും സസ്പെന്‍ഷന്‍ കിട്ടുന്നതുമായ പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ഋഷി-സൂര്യ വിവാഹം നടക്കുന്നതാണ് ഇനി വരാനുള്ള പ്രധാന സംഭവം. നാളുകളായി ഇരുവരും പരസ്പരം പറയാതെയായിരുന്നു പ്രണയിച്ചിരുന്നത്. എന്നാല്‍ പെട്ടന്നായിരുന്നു വൈരാഗ്യ ബുദ്ധിയോടെ സാബു എന്ന വ്യക്തി സൂര്യയെ അപായപ്പെടുത്താനായി കാട്ടിലേക്ക് കൊണ്ടുപോകുകയും, സാഹസികമായി ഋഷി രക്ഷിക്കുകയും ചെയ്തത്. അവിടെവച്ച് ഋഷി സൂര്യയോട് തന്റെ പ്രണയം തുറന്നു പറഞ്ഞുകഴിഞ്ഞു. അതിനുശേഷവും ഇരുവരും നഗരത്തില്‍ നിന്നും അകന്ന് തന്നെയാണ് കഴിയുന്നത്. നാട്ടിന്‍പുറത്തിന്റെ പ്രകൃതി നൈര്‍മല്യത്തോടൊപ്പം ഇരുവരുടേയും പ്രണയവും പ്രേക്ഷകര്‍ക്ക് മനോഹരമായ അനുഭവമാണ് നല്‍കുന്നത്. അദിതി ടീച്ചറുടെ സഹായത്തോടെ ആലഞ്ചേരി എന്ന തനിക്കറിയാത്ത തന്റെ സ്വന്തം തറവാട്ടിലേക്ക് കടന്നുചെല്ലാനുള്ള ഒരുക്കത്തിലാണ് ഋഷി.

ഇരുവരും പ്രണയം തുറന്ന് പറയാതെ ഇരുന്നതിനാല്‍ ഇത്രയുംനാള്‍ പരമ്പരയില്‍ പ്രണയസീനുകള്‍ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ പരാതി ഏകദേശം മാറിയിരിക്കുന്നു എന്നാണ് യൂട്യൂബിലെ കമന്റുകള്‍ പറയുന്നത്. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെയാണ് പരമ്പര തന്നതെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. കൂടാതെ കഥാപാത്രങ്ങളോടുള്ള സ്‌നേഹവും, കഥ എത്തരത്തില്‍ മുന്നോട്ട് പോയാലാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകുക എന്ന തരത്തിലെല്ലാം ആളുകള്‍ കമന്റുകള്‍ നിരത്തുന്നുണ്ട്. എങ്കിലും വിവാഹത്തിലേക്ക് ഇനിയും പ്രതിബന്ധങ്ങള്‍ എത്ര കടക്കാനുണ്ട് എന്നാണ് ആരാധകരുടെ സംശയം.

സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിദ അഞ്ജി, കബനി എന്ന പരമ്പരയിലൂടെയായിരുന്നു മലയാളികളുടെ മനസ് കീഴടക്കിയത്.

Follow Us:
Download App:
  • android
  • ios