ബോളിവുഡ് ചിത്രം ഡോൺ 3 ൽ കിയാര അദ്വാനിക്ക് പകരം കൃതി സനോൻ നായികയാകുമെന്ന റിപ്പോർട്ടുകൾക്കിടെ 'ലേഡി ഡോൺ' എന്ന് വിളിച്ച പാപ്പരാസികൾക്ക് കൃതിയുടെ പ്രതികരണം വൈറലാകുന്നു. 

മുംബൈ: ബോളിവുഡിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ഡോൺ 3'. കിയാര അദ്വാനിയാണ് നേരത്തെ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതോടെ കിയാര ചിത്രത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന് ഈ റോൾ കൃതി സനോണിനെ തേടി എത്തിയെന്നാണ് ബോളിവുഡ് മധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

അതിനിടെ പാപ്പരാസികൾ 'ലേഡി ഡോൺ' എന്ന് വിളിച്ചപ്പോൾ കൃതി സനോൻ നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2023 ഓഗസ്റ്റിൽ പ്രഖ്യാപിതമായ 'ഡോൺ 3'ൽ രൺവീർ സിംഗാണ് ടൈറ്റിൽ റോളിൽ എത്തുന്നത്.

കിയാരയുടെ ഗർഭധാരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവര്‍ ഡോണ്‍ 3യില്‍ നിന്നും പിന്‍മാറിയെന്ന ഈ വാർത്തകൾ പുറത്തുവന്നത്. ഇതിന് പകരക്കാരിയായി കൃതി സനോൻ ചിത്രത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിങ്ക്‌വില്ല, ഇന്ത്യ ടുഡേ, ഒടിടിപ്ലേ തുടങ്ങിയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ, പാപ്പരാസികൾ കൃതിയെ 'ലേഡി ഡോൺ' എന്ന് വിളിച്ചപ്പോൾ, നടി ചെറുതായി ചിരിക്കുകയും അതിനോട് നന്ദി എന്ന രീതിയില്‍ പ്രതികരിക്കുയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. "കൃതി സനോൻ ഡോൺ 3-ൽ ഉണ്ടോ?" എന്ന ചോദ്യത്തിന് നടിയുടെ ഈ പ്രതികരണം ഒരു സൂചനയായി ആരാധകർ കാണുന്നു. എന്നാൽ കൃതിയോ ചിത്രത്തിന്‍റെ അണിയറക്കാരോ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം ഡോണ്‍ 3യില്‍ വിക്രാന്ത് മാസ്സിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രീകരണം 2025 ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് സൂചന. ഡോണിന്‍റെ മുന്‍ഭാഗങ്ങള്‍ നിര്‍മ്മിച്ച എക്സല്‍ എന്‍റര്‍ടെയ്മെന്‍റ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുക. ഫറന്‍ അക്തറിന്‍റെ ആദ്യ രണ്ട് ഡോണ്‍ സിനിമകളിലും ഷാരൂഖ് ഖാന്‍ ആയിരുന്നു ഡോണായി എത്തിയത്.