മലയാളത്തിലെ ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. 'വാനമ്പാടി'യിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഗൗരി പ്രകാശ് ശ്രദ്ധേയ കഥാപാത്രമായെത്തുന്നു എന്നത് പരമ്പരയുടെ പ്രേക്ഷകസ്വാധീനം വീണ്ടും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കേ കലാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗൗരിയെ മലയാളികള്‍ കൂടുതലായറിഞ്ഞത് വാനമ്പാടിയിലെ കഥാപാത്രം 'അനുമോളാ'യാണ്. കുടുംബവിളക്ക് പരമ്പരയില്‍ പൂജ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗൗരി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കുടുംബവിളക്ക് സെറ്റില്‍ നിന്നുള്ള സെല്‍ഫിയാണ് ഗൗരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പരമ്പരയില്‍ 'ശീതള്‍' ആയെത്തുന്ന അമൃതയാണ് സെല്‍ഫി എടുത്തിരിക്കുന്നത്. ഗൗരിയെ കൂടാതെ പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ കൈകാര്യം ചെയ്യുന്ന മീരാ വാസുദേവന്‍, കുടുംബവിളക്ക് സംവിധായകന്‍ മഞ്ജു ധര്‍മ്മന്‍ എന്നിവരേയും ചിത്രത്തില്‍ കാണാം. 'ഡയറക്ടര്‍ അങ്കിള്‍, മീര ആന്‍റി, അമ്മു ചേച്ചി' എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവച്ചത്. പരമ്പരയില്‍ ശീതളായി വേഷമിടുന്ന അമൃതയൊന്നിച്ചുള്ള ഗൗരിയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ എല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

സ്റ്റാര്‍ നെറ്റ്‍വര്‍ക്ക് ചാനലുകളില്‍ മലയളമടക്കം ഏഴ് ഭാഷകളില്‍ കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച രീതിയില്‍ തന്നെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. മലയാളത്തില്‍ സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ മുന്‍നിര്‍ത്തി, കുടുംബവ്യവസ്ഥയിലെ അപചയങ്ങളില്‍ ഊന്നിയാണ് പരമ്പര.