Asianet News MalayalamAsianet News Malayalam

സിദ്ധാര്‍ത്ഥ് ലോക്കപ്പില്‍ തന്നെയാണ്; 'കുടുംബവിളക്ക്' റിവ്യൂ

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ഉദ്വേഗഭരിതമായ കഥാവഴികളിലൂടെ

kudumbavilakku serial review asianet nsn
Author
First Published May 19, 2023, 11:20 PM IST

സുമിത്ര എന്ന വീട്ടമ്മയുടെ കഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ശേഷം തന്റെ പ്രയത്‌നത്താല്‍ ജീവിതവിജയം നേടിയ സുമിത്ര ഇന്ന് നല്ല നിലയിലാണുള്ളത്. എന്നാല്‍ വേദിക എന്ന സ്ത്രീയ്ക്കായി സുമിത്രയെ ഉപേക്ഷിച്ച സിദ്ധാര്‍ത്ഥ് ആകട്ടെ മോശം അവസ്ഥയിലുമാണ്. സുമിത്ര തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിച്ചതോടെ, രോഹിത്തിന്റെ സകലമാന നിയന്ത്രണങ്ങളും നഷ്ടമാകുന്നു. അതുകൊണ്ടുതന്നെ സിദ്ധാര്‍ത്ഥ് സുമിത്രയും രോഹിത്തും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുത്തുന്നു. യാതൊരു പിഴവും വരുത്തരുത് എന്ന് കരുതിയാണ് അപകടം പ്ലാന്‍ ചെയ്തതെങ്കിലും സംഗതി ആകെ പാളുകയാണ്. രോഹിത്ത് മരിക്കുന്നുമില്ല, സിദ്ധാര്‍ത്ഥ് ലോക്കപ്പിലാകുകയും ചെയ്യുന്നു.

വേദികയും സിദ്ധാര്‍ത്ഥും പിരിയലിന്‍റെ വക്കിലാണെങ്കിലും, തന്റെ ഭര്‍ത്താവിനെ പുറത്തിറക്കാന്‍ കനിയണമെന്ന് വേദിക സുമിത്രയോട് പറയുന്നുണ്ട്. സിദ്ധാര്‍ത്ഥാണ് അപകടത്തിന് പിന്നിലെയെന്നറിഞ്ഞ രോഹിത്ത് പറയുന്നത്, തനിക്ക് സിദ്ധാര്‍ത്ഥിനോട് സഹതാപമാണ് തോന്നുന്നതെന്നാണ്. കൂടാതെ കേസുമായി മുന്നോട്ട് പോകണമോ എന്നും രോഹിത്ത് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത്രകാലം ക്ഷമയുടെ നെല്ലിപ്പടിയിലിരുന്ന് മുന്നോട്ട് പോയ സുമിത്ര, ഈ കേസില്‍ സിദ്ധാര്‍ത്ഥിനെ കുടുക്കണം എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണുള്ളത്. മക്കളുടെ അച്ഛന്‍ എന്ന നിലയ്ക്ക് പൊറുക്കണം എന്നുപറഞ്ഞ് വേദിക കാലില്‍ വീണ് അപേക്ഷിക്കുമ്പോഴും സുമിത്ര തന്റെ നിലപാട് മാറ്റുന്നില്ല എന്ന് കാണാം. എന്നോടുള്ള ശത്രുത എന്നോട് തീര്‍ക്കണം, അതിലേക്ക് എന്തിന് രോഹിത്തിനെ വലിച്ചിഴച്ചു എന്നാണ് സുമിത്ര വേദികയോട് ചോദിക്കുന്നത്.

വേദികയെക്കൊണ്ട് കാര്യം നടക്കില്ലെന്ന് മനസ്സിലായ സിദ്ധാര്‍ത്ഥിന്റെ അമ്മ സരസ്വതി, നേരിട്ട് ഇറങ്ങുകയാണ്. തന്റെ മകളേയും കൂട്ടി പൊലീസ് സ്‌റ്റേഷനിലേക്ക് പോകാം എന്ന് കരുതി, ആദ്യം മകളുടെ വീട്ടിലേക്കാണ് സരസ്വതി പോകുന്നത്. മകള്‍ ശരണ്യയോട് കാര്യം പറഞ്ഞ് കൂട്ടിക്കൊണ്ട് പോകാന്‍ ഇറങ്ങുന്നതിനിടെ, ശരണ്യയുടെ ഭര്‍ത്താവ് ഇടപെടുകയാണ്. പോലീസ് സ്‌റ്റേഷനില്‍ ചെന്ന് നാണം കെടാന്‍ തന്റെ ഭാര്യയെ കൂട്ടണ്ട എന്നതാണ് ശ്രീകുമാറിന്റെ നിലപാട്. ശേഷം തനിച്ചാണ് സരസ്വതിയമ്മ സ്റ്റേഷനിലേക്ക് പോകുന്നത്. ആദ്യമായാണ് സരസ്വതി പോലീസ് സ്‌റ്റേഷന്റെ പടിക്കല്‍ എത്തുന്നതുതന്നെ. മകനെ കാണണമെങ്കില്‍ കാണാം, ഇറക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിലുള്ള മകനെ കാണുമ്പോള്‍ സരസ്വതി ചോദിക്കുന്നത്, പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റേതായ വൃത്തിയ്ക്ക് ചെയ്യേണ്ടേ എന്നാണ്. കൂടാതെ പോലീസ് സ്‌റ്റേഷനിലും പൊങ്ങച്ചവും വില്ലത്തരവും കാണിക്കാനും സരസ്വതി മറക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ALSO READ : ബിഗ് ബോസ് വീട്ടിലെ 'വാറുണ്ണിയും കൈസറും' ആര്? ഏറ്റുമുട്ടി അഖില്‍ മാരാരും റിനോഷും

Follow Us:
Download App:
  • android
  • ios