Asianet News MalayalamAsianet News Malayalam

അവിടെ 'തമ്മിലടി', ഇവിടെ ഊഞ്ഞാലാട്ടം; 'സിദ്ധുവും വേദികയും' സ്റ്റാര്‍ട്ട് മ്യൂസിക്കില്‍

ടീം ഗീതാഗോവിന്ദം, ടീം കുടുംബവിളക്ക് എന്നിവരാണ് പരിപാടിയില്‍ ഏറ്റുമുട്ടിയത്

kudumbavilakku stars in start music show asianet nsn
Author
First Published Aug 31, 2023, 9:25 PM IST

''വായ ചക്കര, കൈ കൊക്കര'' എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 5ന്റെ ഭാഗമായി ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച് വൈറലായിരിക്കുന്നത്. കുടുംബവിളക്ക് എന്ന ജനപ്രീതിയുളള പരമ്പരയില്‍ പരസ്പരം കണ്ടാല്‍ തല്ലാനും കൊല്ലാനും നില്‍ക്കുന്നവരാണ് വേദികയും സിദ്ധാര്‍ത്ഥും. പ്രണയംകൊണ്ട് തങ്ങളുടെ ആദ്യ വിവാഹം ഒഴിവാക്കി വിവാഹം കഴിച്ചവരായിരുന്നു രണ്ടുപേരുമെങ്കിലും ഇപ്പോഴത്തെ സ്ഥിതി വളരെ പരിതാപകരമാണ്. ഡിവോഴ്‌സ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിദ്ധാര്‍ത്ഥ്. എന്നാല്‍ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് മരണത്തോട് മല്ലിടുന്ന വേദികയാകട്ടെ, ഇനിയുള്ള കാലം സിദ്ധാര്‍ത്ഥിന്റെ ഭാര്യയായിത്തന്നെ തുടരുമെന്ന വാശിയിലാണുള്ളത്. സിദ്ധാര്‍ത്ഥ് വേദികയെ വീട്ടില്‍നിന്നും ഇറക്കിവിടുന്നു, സിദ്ധാര്‍ത്ഥിന്റെ ആദ്യഭാര്യയായ സുമിത്ര വേദികയ്ക്ക് കയറിത്താമസിക്കാനൊരിവും, രോഗത്തിന് ചികിത്സയും നല്‍കുന്നു. ഇങ്ങനെയൊക്കെയാണ് കഥയുടെ ഗതി.

അതിനിടെ 'സുന്ദരി നീയും, സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം' എന്ന പാട്ടിലാണ്, സിദ്ധാര്‍ത്ഥായെത്തുന്ന കെ കെ മേനോനും വേദികയായെത്തുന്ന ശരണ്യയും ഒന്നിച്ച് ചുവട് വെക്കുന്നത്. ടീം ഗീതാഗോവിന്ദം, ടീം കുടുംബവിളക്ക് എന്നിവരാണ് പരിപാടിയില്‍ ഏറ്റുമുട്ടിയത്. പരിപാടിയിലെ അഭിനയം റൗണ്ടിലാണ് പാട്ടിനൊപ്പം ചുവടുവച്ച് ശരണ്യയും കെകെയും സ്റ്റേജിലെത്തിയത്. സിനിമയിലൂടെ സീരിയലിലേക്കെത്തിയ താരങ്ങളാണ് കെകെയും ശരണ്യയും. 24 ഡെയ്‌സ്, ഉയരെ എന്നീ മലയാള ചിത്രങ്ങളിലും തമിഴ് സിനിമ, സീരിയല്‍ രംഗത്തുമെല്ലാം സജീവമായിരുന്നു ഊട്ടി സ്വദേശി കെകെ എന്ന കൃഷ്ണകുമാര്‍. അതുപോലെതന്നെ സിനിമയുടെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ശരണ്യ. ആമേന്‍ അടക്കമുള്ള സിനിമയുടെ പിന്നണിയിലും ആകാശഗംഗ രണ്ടില്‍ പ്രേതമായും ശരണ്യ എത്തിയിരുന്നു. ശേഷമാണ് താരം കുടുംബവിളക്കിലേക്കെത്തിയത്. അതും പകരക്കാരിയായി. എന്നാല്‍ പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് വേദിക എന്ന കഥാപാത്രമായി ശരണ്യ നിലവില്‍ കാഴ്ചവെക്കുന്നത്.

ആര്യയും അനൂപും അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ഗെയിം ഷോ, നിരവധി പ്രേക്ഷകരുള്ള പരിപാടിയാണ്. ഏഷ്യാനെറ്റിലെതന്നെ സീരിയല്‍ താരങ്ങളാണ് എല്ലായ്പ്പോഴും പരിപാടിയിലേക്ക് എത്താറുള്ളത്. നര്‍മ്മവും സംഗീതവുമെല്ലാം നിറയുന്ന ഷോയില്‍ ഓണത്തോടനുബന്ധിച്ചാണ് ടീം കുടുംബവിളക്കും ടീം ഗീതാഗോവിന്ദവും തമ്മില്‍ ഏറ്റുമുട്ടിയത്. 

ALSO READ : 110 കോടി പ്രതിഫലത്തിന് പുറമെ; ജയിലറിന്‍റെ വന്‍ വിജയത്തില്‍ രജനികാന്തിന് ചെക്ക് സമ്മാനിച്ച് സണ്‍ പിക്ചേഴ്സ് ഉടമ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios