സാന്ത്വന'ത്തിന് ആഹ്ളാദിക്കാനുള്ള സന്തോഷവുമായി ഏറ്റവും പുതിയ ടിആർപി റിപ്പോർട്ടുകൾ പുറത്ത്.  ചിപ്പി രഞ്ജിത്ത് - രാജീവ് പരമേശ്വർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാന്ത്വനം റേറ്റിംഗ് ചാർട്ടിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. 'പാടാത്തപൈങ്കിളി'യെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സാന്ത്വനത്തിന്റെ നേട്ടം.

അതേസമയം മീര വാസുദേവും കെകെ മേനോനുംപ്രധാന കഥാപാത്രങ്ങളായ കുടുംബവിളക്ക് മലയാള ടെലിവിഷനിലെ ഏറ്റവുമധികം ആളുകൾ കാണുന്ന പരമ്പരയായി തുടരുകയാണ്. അടുത്തിടെ സിനിമാ താരം അജു വർഗീസിന്റെ അതിഥി വേഷമടക്കമുള്ള പരമ്പര പ്രേക്ഷക പ്രിയത്തിൽ മുൻപന്തിയിൽ തന്നെ തുടരുന്നതായി ടിആർപി റേറ്റിങ്ങും വ്യക്തമാക്കുന്നു.

കഥാഗതിയിലെ ട്വിസ്റ്റിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു 'സന്ത്വനം'. കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പരമ്പര, പുതിയ റേറ്റിംഗിൽ രണ്ടാം സ്ഥാനം നേടിയതിന് പിന്നിൽ കഥയിലെ പുതിയ സംഭവ വികാസങ്ങൾ തന്നെയാണ്.

സഹോദരന്മാരായ ശിവന്റെയും ഹരിയുടെയും വിവാഹത്തിന് ശേഷം പരമ്പരയുടെ  കഥാസന്ദർഭം പുതുമയുള്ളതായിരുന്നു. തന്റെ പ്രണയിനിയുമായി ശിവൻ വിവാഹിതനായപ്പോൾ ദേവിയുടെ അഭ്യർത്ഥനപ്രകാരം ശിവൻ  അഞ്ജലിയെ വിവാഹം കഴിച്ചു. തുടർന്നുള്ള വഴക്കുകളും , പ്രണയവുമാണ് ഇപ്പോൾ കഥാഗതി.

ഇതിന് പിന്നാലെ വന്ന റേറ്റിങ് ചാർട്ടിലാണ് സാന്ത്വനം പാടാത്ത പൈങ്കിളിയെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടിയത്. ജനപ്രിയ ഷോകളായ 'അമ്മയറിയാതെ', 'മൗനരാഗം' എന്നിവ ടിആർപി ചാർട്ടുകളിൽ  യഥാക്രമം നാലും അഞ്ചും സ്ഥാനം നിലനിർത്തുന്നുണ്ട്.