മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ലാത്ത കഥാപാത്രമാണ് പപ്പുവിന്റേത്. രതിനിര്‍വ്വേദം എന്ന ചിത്രത്തിന്‍റെ പുതിയ പതിപ്പില്‍ പപ്പുവായി എത്തിയത് സിനിമാ സീരിയല്‍ താരം ശ്രീജിത്ത് ആയിരുന്നു. പല സീരിയലുകളിലും തമിഴ് ചിത്രങ്ങളിലുമടക്കം വേഷമിട്ട താരം പിന്നീട് റേഡിയോ ജോക്കിയായി കളംമാറ്റി ചവിട്ടി.

എന്നാല്‍ അധികം വൈകാതെ താരം മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തി.അവതാരകനായും ഒരു കൈ നോക്കിയ താരം പിന്നാലെ സീരിയല്‍ രംഗത്തേക്ക് ചുവടുവച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന വേഷമാണ് ശ്രീജിത്ത് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീജിത്ത് ലൈവിലെത്തിയത്. ആരാധകരുമായി സംസാരിച്ചിരിക്കവെയാണ് ആരാധകര്‍ കൊറോണ കാലത്തെപ്പറ്റിയും, പരമ്പരയുടെ വിശേഷങ്ങളെപ്പറ്റിയുമെല്ലാം ചോദ്യങ്ങള്‍ ചോദിച്ചത്. ഇത്രകാലം പല സിനിമകളും പരമ്പരകളും ചെയ്തിട്ടുണ്ടെങ്കിലും കുടുംബവിളക്കിന്റെ സെറ്റ് തികച്ചും വ്യത്യസ്തമാണെന്നും, എല്ലാവരും ജോളിയാണെന്നുമാണ് ശ്രീജിത്ത് പറയുന്നത്. പരമ്പരയിലെ അമ്മയായ സുമിത്രയെ മനസ്സിലാക്കണം, സുമിത്ര പാവമാണ് എന്നെല്ലാം ആരാധകര്‍ പറയുമ്പോള്‍ ശ്രീജിത്ത് തന്റെ നിസ്സഹായാവസ്ഥയാണ് പറയുന്നത്.

അമ്മയെ മനസ്സിലാക്കാന്‍ ആഗ്രഹം ഉണ്ടെന്നും, എന്നാല്‍ കഥ ഇങ്ങനെയായിപ്പോയില്ലെ എന്നുമാണ് ശ്രീജിത്ത് ആരാധകരോട് പറയുന്നത്. പരമ്പരയുടെ തിരക്കഥാകൃത്തും, സംവിധായകനുമെല്ലാം തന്റെ വിഷമം കണ്ട് ഒക്കെ ശരിയാക്കുമായിരിക്കുമെന്നും ശ്രീജിത്ത് പറയുന്നുണ്ട്.

കൊറോണ പ്രവര്‍ത്തനത്തിന് കേരളത്തിനെ അഭിനന്ദിക്കാനും ശ്രീജിത്ത് മറന്നില്ല. വെറുതെ കുറ്റപ്പെടുത്തുന്ന ഒരാളല്ല താനെന്നും, കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഒരു തംസ് അപ്പെന്നുമാണ് ചോദ്യം ചോദിച്ചവരോട് താരം പറഞ്ഞത്.